EXCLUSIVE | റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത്: മലയാളികളില്‍ നിന്ന് വ്യാജ രേഖ കബളിപ്പിച്ച് തയ്യാറാക്കിയതിന്റെ തെളിവുകൾ പുറത്ത്

മുഖ്യ ഏജൻ്റും റഷ്യൻ പൗരത്വമുള്ള മലയാളികളുമായ സന്ദീപ് തോമസ്, സിബി ഔസേപ്പ്, സഹായി സുമേഷ് ആൻ്റണി എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്
EXCLUSIVE | റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത്: മലയാളികളില്‍ നിന്ന് വ്യാജ രേഖ കബളിപ്പിച്ച് തയ്യാറാക്കിയതിന്റെ തെളിവുകൾ പുറത്ത്
Published on

മലയാളികൾ സ്വന്തം ഇഷ്ടപ്രകാരമാണ് റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്നതെന്ന പ്രതികളുടെ വാദം പൊളിയുന്നു. യുദ്ധമേഖലയിൽ എത്തിപ്പെട്ടവരെ കബളിപ്പിച്ചാണ് പ്രതികൾ വ്യാജ കരാ‍ർ തയ്യാറാക്കിയതെന്നതിന്റെ തെളിവുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. റഷ്യയിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രനിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ മുദ്രപ്പത്രത്തിൽ പ്രതികൾ ഉടമ്പടികൾ എഴുതി ചേർത്തത് യുവാവിന്റെ മരണ ശേഷമാണ്. കരാർ വ്യക്തമാക്കാത്ത മുദ്രപ്പത്രങ്ങളും ബ്ലാങ്ക് ചെക്കുകളും പ്രതികൾ എല്ലാവരിൽ നിന്നും ഒപ്പിട്ട് വാങ്ങിയിരുന്നതായി മോചിതരായവർ വ്യക്തമാക്കി.

ബിസിനസ് ആവശ്യത്തിനും സ്വകാര്യ ജോലി തേടുന്നതിനും ഒരു മാസത്തെ വിസയ്ക്ക് വേണ്ടി കരാറിൽ ഏർപ്പെടുന്നുവെന്നാണ് മുദ്രപ്പത്രത്തിൽ എഴുതിയിരുന്നത്. എന്നാൽ സന്ദീപിന്റെ മരണ ശേഷം ഇത് റഷ്യയെ സേവിക്കാൻ സന്നദ്ധനാണെന്നും സൈന്യത്തിൽ ചേരാൻ സമ്മതമാണെന്നും മാറ്റിയെഴുതുകയായിരുന്നു. ഭാവിയിൽ പരാതികളുണ്ടായാൽ പ്രതികൾക്ക് രക്ഷപെടാനാണ് ഇത്തരം കൃത്രിമ കരാറുകൾ ഉണ്ടാക്കിയതെന്ന് കൂലിപ്പട്ടാളത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയവർ പറയുന്നു. കേസിൽ അറസ്റ്റിലായ പ്രതികൾ തങ്ങളുടെ വീട്ടിലെത്തിയ ബന്ധുക്കളെയടക്കം സ്വാധീനിച്ചാണ് മനുഷ്യക്കടത്ത് നടത്തിയതെന്നും മോചിതരായവർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

റഷ്യയിലേക്ക് പോകുന്നില്ല എന്ന് ‍ഓഫീസിൽ എത്തി അറിയിച്ചതാണെന്നും പക്ഷേ പലവിധത്തിൽ പ്രതികൾ ഞങ്ങളെ സ്വാധീനിച്ചുവെന്നും കൂലിപ്പട്ടാളത്തിൽ നിന്നും രക്ഷപ്പെട്ടെത്തിയ റെനിൽ തോമസിന്റെ ഭാര്യ അനു റെനിൽ പറഞ്ഞു. "വീട്ടിലെത്തി സംസാരിച്ചാണ് പ്രതികൾ ഉറപ്പുനൽകിയത്. ഭർത്താവ് റഷ്യയിലെത്തി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഏജൻറുമാരെ വിളിച്ചിരുന്നു. അപ്പോൾ അവർ വാർത്തകൾ വരുന്നതിനെതിരെ ഭീഷണിപ്പെടുത്തുകയാണുണ്ടായത്. പരാതി കൊടുത്താലോ കേസിന് പോയാലോ ഭർത്താവിന് ആപത്തുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ന്യൂസ് മലയാളത്തിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് മോചനം സാധ്യമായത്", അനു റെനിൽ പറഞ്ഞു. പോകുന്നതിന്റെ തലേദിവസം വീട്ടിലെത്തി ബ്ലാങ്ക് ചെക്കും മുദ്രപ്പത്രങ്ങളിലും ഒപ്പ് ഇടീപ്പിച്ചുവെന്നും വാർത്തകൾ പുറത്തുവന്നിലായിരുന്നുവെങ്കിൽ ഭർത്താവടക്കമുള്ളവർ രക്ഷപ്പെടില്ലായിരുന്നുവെന്നും അനു കൂട്ടിച്ചേർത്തു.

സുമേഷ് ആന്റണി വീട്ടിലെത്തി  ബന്ദുക്കളെ സ്വാധീനിച്ചതായി റെനിൽ തോമസും പറഞ്ഞു. "കാൻ്റീനിൽ കുക്കായിട്ടാണ് പോകുന്നതെന്നാണ് എന്നോട് പറഞ്ഞത് , പോകണ്ട എന്നു വിചാരിച്ചപ്പോളാണ് സുമേഷ് ആന്റണി വീട്ടിലെത്തി എല്ലാവരെയും സ്വാധീനിച്ചത്. ഞങ്ങൾ റഷ്യയിലേക്ക് പോകുന്നതിന് തലേദിവസമാണ് സുമേഷ് മുദ്രപേപ്പറുകളിൽ ഒപ്പിടിച്ചത്. എന്റെ അമ്മയോടുപോലും ഒരു പ്രശ്നവുമില്ലെന്ന് വീട്ടിലെത്തിയാണ് ഉറപ്പുനൽകിയത്. അറിഞ്ഞുകൊണ്ട് ആരും മരിക്കാൻ പോകില്ലല്ലോ ... ?", റെനിൽ തോമസ് പറഞ്ഞു.

മുദ്രപ്പത്രവും ചെക്ക് ലീഫും കൊണ്ടുവരണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതായി സന്തോഷ് ഷൺമുഖവും വെളിപ്പെടുത്തി. "മുദ്രപ്പത്രവും ചെക്ക് ലീഫും കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു. ഞങ്ങൾ റഷ്യയിൽ എത്തിയാൽ കൊല്ലപ്പെടുമെന്ന് അവർക്ക് അറിയാമായിരുന്നു. അതറിഞ്ഞുകൊണ്ട് അവർക്ക് സേഫ് ആകാൻ വേണ്ടിയിട്ടാണ് മുദ്രപ്പത്രങ്ങളിൽ ഒപ്പിട്ട് വാങ്ങിയത്", സന്തോഷ് ഷൺമുഖം പറഞ്ഞു. പോകുന്നതിന് തലേദിവസം മാത്രമാണ് ഇവരുടെ കയ്യിൽ നിന്നും മുദ്രപ്പത്രത്തിൽ ഒപ്പിട്ടു വാങ്ങിയത്.


മൂന്ന് പ്രതികളാണ് ഇതുവരെ കേസിൽ അറസ്റ്റിലായിട്ടുള്ളത്. മുഖ്യ ഏജൻ്റും റഷ്യൻ പൗരത്വമുള്ള മലയാളികളുമായ സന്ദീപ് തോമസ്, സിബി ഔസേപ്പ്, സഹായി സുമേഷ് ആൻ്റണി എന്നിവരാണ് അറസ്റ്റിലായത്.  സന്ദീപ് തോമസും, സഹായി സുമേഷ് ആൻ്റണിയും മനുഷ്യ കടത്തിൻ്റെ പ്രധാന ഏജൻ്റുമാരാണെന്നും, കൂടുതൽ മലയാളികൾക്ക് ഇതിൽ പങ്കുണ്ടെന്നും കൂലിപ്പട്ടാളത്തിൽ നിന്ന് മോചിതനായ തൃശൂർ സ്വദേശി സന്തോഷ് മുഖം ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. റഷ്യയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ബിനിൽ ബാബുവിനെയും സന്ദീപ് ചന്ദ്രനെയും അടക്കം മനുഷ്യ കടത്തിനിരയാക്കിയ മുഖ്യപ്രതികളാണ് അറസ്റ്റിലായത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം സന്ദീപിനെ കൊച്ചിയിൽ നിന്നും സുമേഷ് ആൻ്റണിയെ തൃശൂരിലെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com