കമ്പി എടുത്തുമാറ്റുന്നതിനായി നടത്തിയ ശസ്ത്രക്രിയക്ക് ശേഷം എടുത്ത എക്‌സ് റേയുടെ റിപ്പോര്‍ട്ടിലാണ് തോളെല്ലിനോട് ചേര്‍ന്ന് വീണ്ടും പൊട്ടിയ നിലയില്‍ കാണപ്പെട്ടത്.
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ രോഗി ചികിത്സാ പിഴവ് ആരോപിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് നടുവട്ടം സ്വദേശി റാണി ഭായിയുടെ തോളിനിട്ട കമ്പി നീക്കം ചെയ്യുന്നതിനിടയില്‍ വീണ്ടും എല്ല് പൊട്ടിയെന്നായിരുന്നു പരാതി. ന്യൂസ് മലയാളത്തിന്റെ വാര്‍ത്തയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്‍കിയത്. ഡിസംബര്‍ 21 ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
ALSO READ: പുനരധിവാസം വൈകുന്നു, നഷ്ടപരിഹാരം നൽകുന്നില്ല; വിലങ്ങാട് ദുരന്തബാധിതർ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക്
വാഹനാപകടത്തെ തുടര്‍ന്നാണ് റാണി ഭായി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. അവിടെ നിന്നും തോളില്‍ ശസ്ത്രക്രിയ നടത്തി കമ്പിയിടുകയും ചെയ്തു. ഒന്നര വര്‍ഷത്തിന് ശേഷം കമ്പി നീക്കം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് വീണ്ടും ഒക്ടോബര്‍ 30ന് കമ്പി എടുക്കുന്നതിനായി ബീച്ച് ആശുപത്രിയില്‍ എത്തി ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
ഇതിന് ശേഷം നടത്തിയ എക്‌സ് റേ റിപ്പോര്‍ട്ടിലാണ് തോളെല്ലിനോട് ചേര്‍ന്ന് വീണ്ടും പൊട്ടിയ നിലയില്‍ കാണപ്പെട്ടത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതിനോട് പ്രതികരിച്ചില്ല. തുടര്‍ന്ന് റാണി ആരോഗ്യ വകുപ്പിനെയും ആശുപത്രി അധികൃതരെയും പൊലീസിനെയും അറിയിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്ന് റാണി ഭായി ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.