റഷ്യൻ കൂലിപ്പടയില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിയെന്ന വാര്‍ത്ത ആദ്യം പുറത്തെത്തിച്ചത് ന്യൂസ് മലയാളം; നാള്‍വഴികള്‍

റഷ്യയിലെത്തിയ തൃശൂർ തൃക്കൂർ സ്വദേശി സന്ദീപിൻ്റെ മരണത്തോടയാണ് ന്യൂസ് മലയാളം സമാനരീതിയിൽ രാജ്യത്തെത്തിയവരെക്കുറിച്ച് അന്വേഷിക്കുന്നത്
റഷ്യൻ കൂലിപ്പടയില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിയെന്ന വാര്‍ത്ത ആദ്യം പുറത്തെത്തിച്ചത് ന്യൂസ് മലയാളം; നാള്‍വഴികള്‍
Published on



റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായി മലയാളികൾ കുടുങ്ങികിടക്കുന്നെന്ന ന്യൂസ് മലയാളം വാർത്തക്ക് പിന്നാലെ ഇന്ത്യൻ എംബസിയും റഷ്യൻ ഗവൺമെൻ്റും മോചനത്തിനായുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. യുദ്ധത്തിൽ മരിച്ച തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രനൊപ്പം റഷ്യയിലെത്തിയവരെയാണ് നാട്ടിലെത്തിക്കുന്നത്. തിരികെയെത്തുന്നതിൻ്റെ ആവേശത്തിലാണ് തൃശൂർ കൊരട്ടി സ്വദേശി സന്തോഷ് ഷൺമുഖൻ, കുട്ടനെല്ലൂർ സ്വദേശി ബിനിൽ, മണലൂർ സ്വദേശി ജെയ്ൻ, എറണാകുളം കുറുമ്പശേരി സ്വദേശി റെനിൽ തോമസ്, കൊല്ലം മേയനൂർ സ്വദേശി സിബി തോമസ് എന്നിവർ. മലയാളികളുടെ രക്ഷാദൗത്യം ത്വരിതപ്പെടുത്തുന്നതിൽ ന്യൂസ് മലയാളം റിപ്പോർട്ട് വലിയ പങ്കുവഹിച്ചിട്ടുണ്ട്.

റഷ്യയിലെത്തിയ തൃശൂർ തൃക്കൂർ സ്വദേശി സന്ദീപിൻ്റെ മരണത്തോടയാണ് ന്യൂസ് മലയാളം സമാനരീതിയിൽ രാജ്യത്തെത്തിയവരെക്കുറിച്ച് അന്വേഷിക്കുന്നത്. ഇതോടെ സന്ദീപിനൊപ്പം റഷ്യയിലെത്തിയ മലയാളികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. പിന്നാലെ അന്വേഷണവുമായി ഇവരിലേക്ക് എത്തിപ്പോൾ, തിരികെ നാട്ടിലെത്താൻ സഹായിക്കണമെന്നായിരുന്നു മിസൈലുകളും ഷെല്ലുകളുടെയും നടുവിൽ കഴിയുന്ന മലയാളികൾ ന്യൂസ് മലയാളത്തോട് ആവശ്യപ്പെട്ടത്. സഹായത്തിനായി നിരവധി പേരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നായിരുന്നു ഇവരുടെ കുടുംബത്തെ സമീപിച്ചപ്പോഴും ലഭിച്ച ഉത്തരം.

ന്യൂസ് മലയാളം വാർത്ത റിപ്പോർട്ട് ചെയ്തതോടെയാണ് സർക്കാർ വിഷയത്തിൽ നിരന്തരം ഇടപെടൽ ആരംഭിച്ചത്. വാർത്ത പുറത്തെത്തി മണിക്കൂറുകൾക്കകം മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-യുക്രെയ്ൻ അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചത്.

മുഖ്യമന്ത്രിയുടെ കത്തിന് പിന്നാലെ മലയാളികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിട്ട് വിവരം ധരിപ്പിക്കുമെന്ന് പറഞ്ഞ് വി.കെ. ശ്രീകണ്ഠൻ എംപി രംഗത്തെത്തി. പാർലമെൻ്റ് സമ്മേളനത്തിന് മുൻപ് തന്നെ വിദേശകാര്യ മന്ത്രിയേയും നേരിൽ കണ്ട് പരാതി അറിയിക്കുമെന്നും വിഷയത്തിൽ സജീവമായ ഇടപെടലുകൾ നടത്തുമെന്നും വി.കെ. ശ്രീകണ്ഠൻ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.

ഒപ്പം ഇവരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് പ്രവാസികാര്യ ക്ഷേമ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൾ ഖാദറും ആവശ്യമുന്നയിച്ചു വിദേശകാര്യമന്ത്രാലയത്തെ വിഷയത്തിൻ്റെ ഗൗരവം ധരിപ്പിക്കുമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കുടുങ്ങികിടക്കുന്നവരുടെ മണ്ഡലത്തിലെ എംപിമാരായ സുരേഷ് ഗോപി, ബെന്നി ബെഹനാൻ, എൻ.കെ പ്രേമചന്ദ്രൻ, കെ. രാധാകൃഷ്ണൻ , എംഎൽഎമാർ തുടങ്ങി ജനപ്രതിനിധകളെല്ലാം വിഷയത്തിൽ നിലപാടുമായി രംഗത്തെത്തി. ഇതോടെ വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയും ഇവരുടെ രക്ഷാപ്രവർത്തനം ഊർജിതപ്പെടുത്തുകയായിരുന്നു. തുടർന്നാണ് റഷ്യയിൽ കുടുങ്ങിയ ഇവരെ പോലുള്ള മലയാളികളുടെ മോചനത്തിനായുള്ള നടപടികൾ ഇന്ത്യൻ എംബസിയും റഷ്യൻ ഗവൺമെൻ്റും സംയുക്തമായി ആരംഭിച്ചത്.

ജോലി തട്ടിപ്പിനിരയായവരെ തിരികെയെത്തിക്കാനുള്ള എല്ലാ നടപടികളെല്ലാം പൂർത്തീകരിച്ചെന്ന സന്തോഷവാർത്തയാണ് ഇന്ത്യൻ എംബസി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സ്ഥിരീകരിച്ചുള്ള എംബസി ഉദ്യോഗസ്ഥൻ്റെ സന്ദേശവും ന്യൂസ് മലയാളത്തിന് ലഭിച്ചു. യുക്രെയ്നിലെ ബഹ്മത്തിലുള്ള പട്ടാളക്യാമ്പിൽ നിന്നും മലയാളികളെയെല്ലാം മെറിനോസ്കിയിലെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. തൊഴില്‍ തട്ടിപ്പിനിരയായി റഷ്യൻ ആർമിക്കൊപ്പം യുക്രെയ്നിലാണ് ഇവരെ യുദ്ധച്ചുമതലയിൽ നിയോഗിച്ചത്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com