'15 ദിവസം മുമ്പ് പഹൽഗാം മാർക്കറ്റിൽ കടയെടുത്ത വ്യാപാരി ഭീകരാക്രമണ ദിവസം കട തുറന്നിരുന്നില്ല'
പഹൽഗാം ഭീകരാക്രമണത്തിന് 15 ദിവസം മുമ്പ് പഹൽഗാം മാർക്കറ്റിൽ കടയെടുത്ത വ്യാപാരിയെയും എൻഐഎ ചോദ്യം ചെയ്യുന്നു. ഭീകരാക്രമണ ദിവസം ഇയാൾ കട തുറന്നിരുന്നില്ല. ഭീകരാക്രമണത്തിന് പിന്നാലെ നൂറോളം സമീപവാസികളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കടയെടുത്ത വ്യാപാരിയെ കുറിച്ച് വിവരം ലഭിച്ചത്.
അതേസമയം, ആക്രമണം നടത്തിയത് നാല് ഭീകരരെന്ന് ദേശിയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. പാകിസ്ഥാനിൽ നിന്നുള്ള രണ്ട് പേർ ടൂറിസ്റ്റുകളെന്ന വ്യാജേനയാണ് ഇന്ത്യയിലെത്തിയത്. ആദ്യം വെടിപൊട്ടിയപ്പോൾ സഹായിക്കാനെന്ന വ്യാജേന ടൂറിസ്റ്റുകളെ ഫുഡ്കോർട്ടിലേക്ക് നയിച്ച്, അവിടെ കാത്ത് നിന്ന പാക് ഭീകരൻ ഹാസീം മൂസയുടെ നേതൃത്വത്തിലുള്ള രണ്ടംഗസംഗം ടൂറിസ്റ്റുകളെ പോയിൻ്റ് ബ്ലാങ്കിൽ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും കണ്ടെത്തൽ.
രാജസ്ഥാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവം പാകിസ്ഥാന്‍ റേഞ്ചര്‍ ബിഎസ്എഫിൻ്റെ പിടിയിലായി. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ബിഎസ്എഫിന്റെ പിടിയിലായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നാണ് പാക് റേഞ്ചര്‍ പിടിയിലായത്. അതിര്‍ത്തി പ്രദേശങ്ങളില്‍ ചാരവൃത്തി നടത്തുന്നതിനിടെയാണ് ബിഎസ്എഫ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്ന ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത് ഒരാഴ്ചയ്ക്കിപ്പുറമാണ് പാക് റേഞ്ചര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായിരിക്കുന്നത്.
26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായിരുന്നു. നയതന്ത്ര തലത്തില്‍ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചത്, അതിര്‍ത്തിയിലും പ്രതിഫലിച്ചിരുന്നു. അങ്ങനെയാണ് ഏപ്രില്‍ 23ന് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ബിഎസ്എഫ് 182-ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പൂര്‍ണം കുമാര്‍ ഷായെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്. ഫിറോസ്‍പുർ അതിർത്തിക്കു സമീപത്തുനിന്നായിരുന്നു ഷാ പാക് സേനയുടെ പിടിയിലായത്. ഷായുടെ മോചനത്തിനായി നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. അതിനിടെയാണ് പാക് റേഞ്ചര്‍ പിടിയിലായിരിക്കുന്നത്.