വധശിക്ഷ നടപ്പാക്കും? ഉത്തരവ് ജയിലിലെത്തിയെന്ന് നിമിഷപ്രിയയുടെ ശബ്ദസന്ദേശം; ദുരൂഹമെന്ന് അഭിഭാഷകന്‍

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് കോടതി നിമിഷയെ ശിക്ഷിച്ചത്
വധശിക്ഷ നടപ്പാക്കും? ഉത്തരവ് ജയിലിലെത്തിയെന്ന് നിമിഷപ്രിയയുടെ ശബ്ദസന്ദേശം; ദുരൂഹമെന്ന് അഭിഭാഷകന്‍
Published on

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് വധശിക്ഷ സംബന്ധിച്ച് ലഭിച്ച ഫോണ്‍കോളില്‍ ദുരൂഹത. വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായെന്നും, അത് ജയിലില്‍ എത്തിയെന്നും അറിയിച്ച് വനിതാ അഭിഭാഷകയുടേതെന്ന പേരിലാണ് നിമിഷപ്രിയയ്ക്ക് ഫോണ്‍ വിളിയെത്തിയത്. ഇക്കാര്യം നിമിഷപ്രിയ അമ്മയോട് അറിയിക്കുകയും, ആക്ഷന്‍ കൗണ്‍സില്‍ ശബ്ദസന്ദേശം പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍, വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് നിമിഷപ്രിയയെയോ അഭിഭാഷകരെയോ ഒന്നും അറിയിച്ചിട്ടില്ലെന്നാണ് അവരുടെ അഭിഭാഷകൻ സുഭാഷ് ചന്ദ്രന്റെ പ്രതികരണം.


യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് കോടതി നിമിഷയെ ശിക്ഷിച്ചത്. 2017ലാണ് യെമൻ പൗരനും നിമിഷപ്രിയയ്ക്കൊപ്പം സനായിൽ ക്ലിനിക് നടത്തിയ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷപ്രിയ, തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ അത് അവിടെ ക്ലിനിക്ക് തുടങ്ങുന്നതിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ തയ്യാറാക്കിയ താൽക്കാലിക രേഖയാണെന്നാണ് നിമിഷയുടെ വാദം.

മാത്രവുമല്ല തലാൽ തന്നെ ഉപദ്രവിച്ചിരുന്നതായും നിമിഷ വെളിപ്പെടുത്തിയിരുന്നു. ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ തന്നെ നിർബന്ധിച്ചിരുന്നതായും നിമിഷ പറയുന്നുണ്ട്. പൊലീസിൽ പരാതിപ്പെട്ടെങ്കിലും, ജയിലിൽ നിന്ന് പുറത്തുവന്നതോടെ തലാൽ കൂടുതൽ ഉപദ്രവകാരിയായി മാറുകയായിരുന്നു. ഒടുവിൽ ജീവിന് ഭീഷണി ആയതോടെയാണ് തലാലിനെ ഇല്ലാതാക്കിയത്. അനസ്തേഷ്യക്കുള്ള മരുന്നു നൽകി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് നിമിഷ കോടതിയെ അറിയിച്ചത്.


കൊലപാതകത്തിന് നിമിഷയെ സഹായിച്ച യെമൻ സ്വദേശിയായ നഴ്സ് ഹനാന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. വധശിക്ഷയിൽ ഇളവു ലഭിക്കണമെന്ന നിമിഷപ്രിയയുടെ അപേക്ഷ നേരത്തെ കോടതി പരിഗണിച്ചിരുന്നു. 70 ലക്ഷം രൂപ നൽകിയാൽ കേസിൽ നിന്നു പിന്മാറാൻ തയാറാണെന്ന് കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും തദ്ദേശീയരുടെ എതിർപ്പുമൂലം നടന്നിരുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com