ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെന്നും നീതി ആയോഗ് സിഇഒ പറഞ്ഞു
ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് നീതി ആയോഗ് സിഇഒ ബി.വി.ആർ സുബ്രഹ്മണ്യം. നീതി ആയോഗിൻ്റെ പത്താമത് ഭരണസമിതി യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു സിഇഒയുടെ പ്രതികരണം.
ജപ്പാനെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഐഎംഎഫ് ഡാറ്റ ഉദ്ധരിച്ചാണ് നീതി ആയോഗ് സിഇഒ ഈ വിവരം പുറത്തുവിട്ടത്. "യുഎസ്, ചൈന, ജർമനി എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയേക്കാൾ മുന്നിലുളളത്. ആസൂത്രണം ചെയ്ത കാര്യങ്ങളിലൊക്കെ ഉറച്ചുനിൽക്കുകയാണെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ, നമ്മൾ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും", സുബ്രഹ്മണ്യം പറഞ്ഞു.
ALSO READ: ഡൽഹിയിൽ കനത്ത മഴ; വിമാന സർവീസുകളെ ബാധിച്ചു, വെള്ളക്കെട്ട് രൂക്ഷം
2024 വരെ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെന്നും രാജ്യത്തിന്റെ ജനസംഖ്യാപരമായ നേട്ടങ്ങൾ ഈ വളർച്ചയ്ക്ക് സഹായകമാകുമെന്നും നീതി ആയോഗ് സിഇഒ പറഞ്ഞതായി മിൻ്റ് റിപ്പോർട്ട് ചെയ്തു. സർക്കാരിന്റെ ആസ്തി ധനസമ്പാദന പദ്ധതിയുടെ ഒരു പുതിയ ഘട്ടം തയ്യാറാക്കി കൊണ്ടിരിക്കുകയാണ് എന്നും ഓഗസ്റ്റിൽ അത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഭാരത് മണ്ഡലത്തിൽ നീതി ആയോഗിന്റെ പത്താമത് ഭരണസമിതി യോഗത്തിൽ സംസാരിക്കവേ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.