എൻ.എം. വിജയൻ്റെ ആത്മഹത്യ: മൂന്ന് വഞ്ചനാ കേസുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

താളൂർ സ്വദേശിയായ പത്രോസ് ഉൾപ്പെടെ മൂന്ന് പേർ നൽകിയ സാമ്പത്തിക പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്
എൻ.എം. വിജയൻ്റെ ആത്മഹത്യ: മൂന്ന് വഞ്ചനാ കേസുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
Published on: 
Updated on: 


എൻ.എം. വിജയൻ്റെ ആത്മഹത്യയ്ക്ക് പിന്നാലെ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. എൻ.എം. വിജയൻ്റെ മരണത്തിലുള്ള മൂന്ന് അനുബന്ധ കേസുകളാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുക. താളൂർ സ്വദേശിയായ പത്രോസ് ഉൾപ്പെടെ മൂന്ന് പേർ നൽകിയ സാമ്പത്തിക പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം, വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാത്ത പക്ഷം ഉടൻ അറസ്റ്റ് ഉണ്ടായേക്കാവുന്ന സാഹചര്യത്തിൽ, ഹൈക്കോടതിയെ സമീപിക്കാനും നേതാക്കൾക്ക് ആലോചനയുണ്ട്.

സുല്‍ത്താന്‍ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുക. ഈ മാസം 15 വരെ ഇരുവരെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു.

വിജയൻ്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് മൂന്ന് പേരെയും പ്രതി ചേർത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഇവർക്കെതിരെയുള്ളത്. നിലവിൽ മൂന്ന് പേരും ഒളിവിൽ ആണെന്ന് പൊലീസ് പറയുന്നു. മൂന്ന് പേരുടെയും അറസ്റ്റ്, ഐ.സി. ബാലകൃഷ്ണന്റെ രാജി എന്നിവ ആവശ്യപ്പെട്ടു കൊണ്ട് സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തുണ്ട്.

News Malayalam 24x7
newsmalayalam.com