സന്ദീപ് വാര്യര്‍ സിപിഎമ്മിന് വലിയ സംഭവമല്ല. അദ്ദേഹം ഇപ്പോഴും ആര്‍എസ്എസുകാരനാണ്.
മുസ്ലീം ലീഗ് നേതാക്കളെ വിമര്‍ശിക്കരുതെന്ന് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ്. മുഖ്യമന്ത്രി വിമര്‍ശിച്ചത് ലീഗ് സംസ്ഥാന പ്രസിഡന്റിനെ ആണെന്നും കൃഷ്ണദാസ് പറഞ്ഞു.
'ഞങ്ങള്‍ പാണക്കാട് തങ്ങളെയല്ല വിമര്‍ശിച്ചത്. നിങ്ങള്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റിനെയാണ് വിമര്‍ശിച്ചത്. ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാടിനെ വിമര്‍ശിക്കാനും അതിന് നേതൃത്വം കൊടുക്കുന്ന നേതാവിനെ വിമര്‍ശിക്കാനും പറ്റില്ലെന്ന് ഓരോരുത്തര്‍ ധരിക്കുന്നുണ്ടെങ്കില്‍ അതൊക്കെ വീട്ടില്‍ ഇരുന്ന് വിചാരിക്കുന്നത് മാത്രമാണ്. അദ്ദേഹത്തെ ആര്‍ക്കും വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് കരുതുന്നതെങ്കില്‍ അദ്ദേഹം സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിയട്ടെ. ലീഗ് പ്രസിഡന്റിനെ ആര്‍ക്കും വിമര്‍ശിക്കാന്‍ പാടില്ല. അതൊക്കെ ചെയ്താല്‍ വലിയ കുറ്റമാകും എന്ന നിലാപാടൊക്കെ പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. അതൊന്നും ഈ നാട്ടില്‍ അംഗീകരിക്കാന്‍ പോകുന്നില്ല,' എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.
സന്ദീപ് വാര്യര്‍ക്കെതിരെയും കൃഷ്ണദാസ് രൂക്ഷ വിമര്‍ശനമുന്നയിച്ചു. സന്ദീപ് വാര്യര്‍ സിപിഎമ്മിന് വലിയ സംഭവമല്ലെന്നും പാലക്കാട് ഇടതുപക്ഷത്തിന് ഉജ്വല വിജയം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
'സന്ദീപ് വാര്യര്‍ സിപിഎമ്മിന് വലിയ സംഭവമല്ല. സന്ദീപ് വാര്യര്‍ ഇപ്പോഴും ആര്‍എസ്എസുകാരനാണ്. പത്രപരസ്യം ഭൂതകാലത്തെ കാര്യം. സന്ദീപ് വാര്യര്‍ തങ്ങളെ പോയി കണ്ടെങ്കില്‍ കാണട്ടെ. ആര്‍ക്കും ആരെയും കാണാമല്ലോ,' എന്നും സിപിഎം നേതാവ് പറഞ്ഞു.
ALSO READ: ആര് തെളിക്കും പാലക്കാടിൻ രാഷ്ട്രീയത്തേര്? ആദ്യ മണിക്കൂറിൽ മികച്ച പോളിങ്
തങ്ങളുമായി കൂടിക്കാഴ്ചയില്‍ സന്ദീപ് വാര്യര്‍ സാദിഖലി തങ്ങള്‍ക്ക് ഭരണഘടന കൈമാറിയതിനെക്കുറിച്ചുള്ള ചോദ്യത്തിനും കൃഷ്ണദാസ് മറുപടി പറഞ്ഞു. സന്ദീപ് വാര്യര്‍ക്ക് ഇപ്പോഴെങ്കിലും ഭരണഘടനയെ ഓര്‍ക്കാന്‍ തോന്നിയല്ലോ എന്നായിരുന്നു കൃഷ്ണദാസിന്റെ മറുപടി. അവരാരും ഇതുവരെ ഇന്ത്യയിലെ ഭരണഘടനയെ അംഗീകരിച്ചിരുന്നില്ല. ഭരണഘടനയെ എതിര്‍ത്ത് വോട്ട് ചെയ്തവരാണ് അവര്‍ എന്നും കൃഷ്ണദാസ് പറഞ്ഞു.
പാലക്കാട്ടെ തെരഞ്ഞെടുപ്പ് പുതിയ രാഷ്ട്രീയ ചരിത്രമാകും. എല്‍ഡിഎഫിന് ഉജ്വല വിജയമുണ്ടാകും. മൂന്നാം തവണയും ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന്റെ തുടക്കമാകും പാലക്കാട്ടെ വിജയമെന്നും കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.