
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പൊതുവൽക്കരണം നടത്തുന്നത് ശരിയല്ലെന്ന് താര സംഘടനയായ A.M.M.Aയുടെ അംഗമായ നടൻ ജഗദീഷ്. ആര് ആരോപണം ഉന്നയിച്ചാലും പരിഹാരം കണ്ടെത്തേണ്ടത് ആവശ്യമാണ്. വേട്ടക്കാരൻ്റെ പേര് ഒഴിവാക്കാൻ ആരും പറഞ്ഞിട്ടില്ല. വേട്ടക്കാരുടെ പേര് വിവരങ്ങൾ പുറത്തുവരണം. പേജുകൾ ഒഴിവാക്കിയതിൽ അതിൽ സർക്കാർ മറുപടി നൽകണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു.
ഈ റിപ്പോർട്ടുമായി ബന്ധപ്പെടുത്തി സിനിമാ രംഗത്തെയാകെ കുറ്റം പറയുന്നതിനോട് യോജിപ്പില്ല. ഇത് സമൂഹത്തിൻ്റെയാകെ പ്രശ്നമാണ്. സമൂഹത്തിൻ്റെയാകെ ഭാഗമായ സിനിമാ മേഖലയിൽ പുഴുക്കുത്തുകൾ ഉണ്ടെങ്കിൽ അത് പുറത്തുവരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പ് എന്നത് പുതിയ പേരാണ്. അത് ആലങ്കാരിക പദമാണ്. അത് ഞാൻ മുൻപൊന്നും കേട്ടിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു.
സമഗ്ര അന്വേഷണം വേണം. റിപ്പോർട്ടിലെ കാര്യങ്ങൾ ശരിയാണ്. ഒറ്റപ്പെട്ട സംഭവമായി മാറ്റി നിർത്താൻ കഴിയില്ല. കുറ്റക്കാരെ ശിക്ഷിക്കണം. പേജുകൾ ഒഴിവാക്കിയതിൽ സർക്കാർ മറുപടി പറയണം. വാതിലിൽ മുട്ടി എന്ന് പറയുന്നത് കണക്കിലെടുക്കണം. ഏത് വാതിൽ എന്ന് ചോദിക്കേണ്ട ആവശ്യമില്ല.
അറിവുള്ള കാര്യം കോടതി മുമ്പാകെ മൊഴി രേഖപ്പെടുത്താൻ തയ്യാറാണ്. വനിതകൾക്ക് പരിഭവം പറയാനുള്ള വേദി വന്നത് സിനിമ കമ്മിറ്റി വന്നതിന് ശേഷമാണ്. ലൈംഗിക ചൂഷണം ഒരു കാരണവശാലും അനുവദിക്കില്ല.
ഹേമ കമ്മിറ്റിക്ക് മുമ്പിൽ കൊടുത്ത ആളുകൾ വീണ്ടും പൊലീസിൽ മൊഴി കൊടുക്കണം എന്ന് പറയുന്നതിനോട് യോജിപ്പില്ല. വീണ്ടും അവരെ വേദനിപ്പിക്കേണ്ട ആവശ്യമില്ല. കോടതി പറഞ്ഞാൽ അമ്മ ഈ ആളുകൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. WCC ഉന്നയിച്ച ആവശ്യങ്ങളെല്ലാം ന്യായമായതാണ്. അവർ പരാതിപ്പെട്ടത് അമ്മ സംഘടനയോടല്ലെന്നും സർക്കാരിന് മുന്നിലാണെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.