നാമനിർദേശ പത്രിക സമർപ്പിച്ചിട്ടും മഹാരാഷ്ട്രയിൽ 15 സീറ്റുകളിൽ മുന്നണിക്കുള്ളിൽ അനിശ്ചിതത്വം

ഭരണകക്ഷിയായ മഹായുതി സഖ്യം നാല് സീറ്റുകളിലേക്കും, പ്രതിപക്ഷം മഹാ വികാസ് അഘാഡി സഖ്യം പതിനൊന്ന് സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല
നാമനിർദേശ പത്രിക സമർപ്പിച്ചിട്ടും മഹാരാഷ്ട്രയിൽ 15 സീറ്റുകളിൽ മുന്നണിക്കുള്ളിൽ അനിശ്ചിതത്വം
Published on

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനി‍ർദേശ പത്രിക സമർപ്പിക്കാനുള്ള ദിവസം അവസാനിച്ചെങ്കിലും, മുന്നണികൾക്കുള്ളിൽ 15 സീറ്റുകളെ ചുറ്റിപറ്റിയുള്ള അനിശ്ചിതത്വം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഭരണകക്ഷിയായ മഹായുതി സഖ്യം നാല് സീറ്റുകളിലേക്കും, പ്രതിപക്ഷം മഹാ വികാസ് അഘാഡി സഖ്യം പതിനൊന്ന് സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇതുവരെയും 152 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. അജിത് പവാർ വിഭാഗം എൻസിപി 52 സീറ്റുകളിലും, ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം 80 സീറ്റുകളിലുമാണ് മൽസരിക്കുന്നത്. മഹാ വികാസ് അഘാഡി സഖ്യത്തിൽ, കോൺഗ്രസ് 103 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും, എൻസിപി ശരദ് പവാർ വിഭാഗവും 87 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസം, 15 സ്ഥാനാർഥികളുടെ മൂന്നാം പട്ടിക ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗം പ്രഖ്യാപിച്ചിരുന്നു. ഷൈന എൻസി, ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ റാവു സാഹെബ് ദൻവെയുടെ മകൾ സഞ്ജന ജാദവ് എന്നിവരുൾപ്പെടെ നാല് സ്ഥാനാർഥികള്‍ ബിജെപിയില്‍ നിന്ന് ഷിന്‍ഡെ വിഭാഗത്തിന് ഒപ്പം ചേർന്നവരാണ്. ഇതോടെ ബിജെപി വിട്ട 11 നേതാക്കള്‍ക്കാണ് ഷിന്‍ഡെ സേന മത്സരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.

80 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ശിവസേന (ഏക്നാഥ് ഷിന്‍ഡെ) പ്രഖ്യാപിച്ചത്. ഇതില്‍ 19 മണ്ഡലങ്ങള്‍ മുംബൈയിലാണ്. ഷൈന എൻസി മുംബൈയിലെ മുംബാദേവി മണ്ഡലത്തിൽ ശിവസേന ചിഹ്നത്തിൽ മത്സരിക്കുമ്പോൾ ജാദവ് മറാത്ത്വാഡ മേഖലയിലെ കണ്ണഡ് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുക. ഞായറാഴ്ചയാണ് ജാദവ് ശിവസേനയിൽ ചേർന്നത്. സംഗംനറിൽ നിന്നുള്ള അമോൽ ഖടലും നെവാസയിൽ നിന്നുള്ള വിത്തൽറാവു ലാങ്‌ഗെ പാട്ടീലുമാണ് ശിവസേന ടിക്കറ്റില്‍ മത്സരിക്കുന്ന മറ്റ് രണ്ട് മുന്‍ ബിജെപി നേതാക്കള്‍. മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ടിനെതിരെയാണ് ഖടൽ മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസം, കോൺഗ്രസും മൂന്നാം പട്ടിക പുറത്തുവിട്ടിരുന്നു. ഒന്നാം ഘട്ടമായി 48 പേരുടെ പട്ടികയും, രണ്ടാം ഘട്ടത്തില്‍ 23 പേരുടെയും, മൂന്നാം ഘട്ടത്തിൽ 16 പേരുടെ പട്ടികയുമാണ് പുറത്തിവിട്ടത്. സീറ്റ് വിഭജന ഘട്ടത്തില്‍ മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളില്‍ അസ്വാരസ്യങ്ങളുള്ളതായി വാർത്തകള്‍ വന്നിരുന്നു. കോണ്‍ഗ്രസിന്‍റെ പ്രദേശിക നേതാക്കളുമായി ചർച്ച സാധ്യമല്ലായെന്നായിരുന്നു ശിവസേനയുടെ വാദം.

നവംബർ 20നാണ് മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 23നാണ് വോട്ടെണ്ണല്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com