
ചാൾസ് രാജാവിനെതിരെ മുദ്രാവാക്യങ്ങളുയർത്തി ഓസ്‌ട്രേലിയൻ സെനറ്റർ ലിഡിയ തോർപ്പ്. ഓസ്‌ട്രേലിയയുടെ പാർലമെന്‍റ് ഹൗസിൽ ചാൾസ് മൂന്നാമൻ പ്രസംഗം പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം.
ഇത് നിങ്ങളുടെ ഭൂമിയല്ല, നിങ്ങൾ എൻ്റെ രാജാവുമല്ല എന്നാണ് സെനറ്റർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്.ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബെറ സന്ദർശിക്കാൻ എത്തിയതായിരുന്നു ബ്രിട്ടനിലെ ചാൾസ് രാജാവ്. പ്രസംഗം പൂർത്തിയായതിനു പിന്നാലെയാണ് സ്വതന്ത്ര സെനറ്റർ ലിഡിയ തോർപ്പ് കൊളോണിയൽ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയത്.
നിങ്ങൾ വംശഹത്യ നടത്തി, ഞങ്ങളിൽ നിന്ന് മോഷ്ടിച്ചത് തിരികെ നൽകൂ, ഞങ്ങളുടെ ആസ്തി, ഞങ്ങളുടെ കുഞ്ഞുങ്ങൾ, ഞങ്ങളുടെ ആളുകൾ, ഞങ്ങളുടെ ഭൂമി, അതെല്ലാം ഞങ്ങൾക്ക് തിരിച്ചു നൽകൂ എന്നും ഓസ്ട്രേലിയൻ സെനറ്റർ പറഞ്ഞു.
തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ലിഡിയയെ ചേംബറിനു പുറത്തേക്ക് കൊണ്ടുപോയി. ആദിവാസി വിഭാഗത്തിൽപെട്ടയാളാണ് ലിഡിയ തോർപ്പ്. ഭരണഘടനയിൽ തദ്ദേശീയരായ ഓസ്‌ട്രേലിയക്കാരെ അംഗീകരിക്കാനും ഒരു തദ്ദേശീയ കൺസൾട്ടേറ്റീവ് ബോഡി സ്ഥാപിക്കാനുള്ള നിർദേശങ്ങൾ കഴിഞ്ഞ വർഷം സർക്കാർ നിരസിച്ചിതിനെ തുടർന്നാണ് ലിഡിയയുടെ പ്രതിഷേധം. ഇപ്പോഴും ഒരു സമ്പൂർണ റിപ്പബ്ലിക്കായി മാറിയിട്ടില്ലാത്ത ഓസ്ട്രേലിയയിൽ നിലവിൽ ചാൾസ് രാജാവാണ് രാഷ്ട്ര തലവൻ. ചാള്‍സും പത്‌നി കാമിലയും ഓസ്‌ട്രേലിയൻ യുദ്ധ സ്മാരകം സന്ദർശിക്കുന്നതിനിടയിലും നിരവധിപേർ ആദിവാസി ഗ്രൂപ്പുകളുടെ പതാകയുമായി പ്രതിഷേധിച്ചിരുന്നു.