പരിക്കും ഫോമില്ലായ്മയും തളർത്തിയ ഇതിഹാസ താരമായ ജോക്കോവിച്ചിനെ മാനസികമായും സാങ്കേതികമായും മെച്ചപ്പെടുത്താൻ, ആൻഡി മറെ എന്ന 37കാരനായ ബ്രിട്ടീഷുകാരൻ കഴിഞ്ഞ ആറ് മാസത്തിലേറെയായി കൂടെയുണ്ടായിരുന്നു.
സെർബിയൻ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും മുൻ ലോക ഒന്നാം നമ്പർ താരവുമായിരുന്ന ആൻഡി മറെയും വേർപിരിഞ്ഞു. കഴിഞ്ഞ ആറ് മാസമായി ജോക്കോവിച്ചിൻ്റെ പരിശീലകനായിരുന്നു മറെ. ഓസ്ട്രേലിയൻ ഓപ്പണിന് മുന്നോടിയായാണ് ജോക്കോയുടെ പരിശീലകനായി ബ്രിട്ടീഷ് ടെന്നീസ് ഇതിഹാസം എത്തിയത്.
"നന്ദി കോച്ച് മറെ, കഴിഞ്ഞ ആറ് മാസമായി കോർട്ടിലും പുറത്തും നിങ്ങൾ നൽകിയ കഠിനാധ്വാനത്തിനും വിനോദത്തിനും പിന്തുണയ്ക്കും നന്ദിയുണ്ട്. ഞങ്ങളുടെ സൗഹൃദത്തിലെ അടുപ്പം വർധിച്ചത് ഞാൻ ഏറെ ആസ്വദിച്ചു," ജോക്കോവിച്ച് ഇൻസ്റ്റഗ്രാമിൽ എഴുതി.
"ഒരുമിച്ചു പ്രവർത്തിക്കാൻ അവിശ്വസനീയമായ അവസരം നൽകിയതിന് ജോക്കോവിച്ചിനും, കഴിഞ്ഞ ആറ് മാസമായി കഠിനാധ്വാനം ചെയ്തതിന് അദ്ദേഹത്തിന്റെ ടീമിനും നന്ദി. സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ നൊവാക്കിന് എല്ലാവിധ ആശംസകളും നേരുന്നു," മറെ പറഞ്ഞു.
പരിക്കും ഫോമില്ലായ്മയും തളർത്തിയ ഇതിഹാസ താരമായ ജോക്കോവിച്ചിനെ മാനസികമായും സാങ്കേതികമായും മെച്ചപ്പെടുത്താൻ, ആൻഡി മറെ എന്ന 37കാരനായ ബ്രിട്ടീഷുകാരൻ കഴിഞ്ഞ ആറ് മാസത്തിലേറെയായി കൂടെയുണ്ടായിരുന്നു.
ഓസ്ട്രേലിയൻ ഓപ്പണിന് തൊട്ടുമുമ്പായിരുന്നു ആൻഡി മറെ ജോക്കോവിച്ചിനെ പരിശീലക പദവി ഏറ്റെടുത്തത്. അതുവരെ ഫോമില്ലാതെയിരുന്ന ജോക്കോവിച്ചിനെ സെമി ഫൈനൽ വരെയെത്തിക്കാൻ മറെയ്ക്ക് കഴിഞ്ഞു. ആ മത്സരത്തിൽ അലക്സാണ്ടർ സ്വരേവിനോട് ജോക്കോവിച്ച് പരാജയപ്പെടുകയായിരുന്നു.
അടുത്തയാഴ്ച ജനീവ ഓപ്പണോടെ ആരംഭിക്കുന്ന ക്ലേ കോർട്ട് സീസണിന് മുന്നോടിയായി ഫോമിലെ പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു ജോക്കോയുടെ ലക്ഷ്യം. അതിന് ഉറച്ച പിന്തുണ നൽകുകയായിരുന്നു സുഹൃത്തും വഴികാട്ടിയുമായ മറെ.
മെയ് 25ന് റോളണ്ട് ഗാരോസിൽ ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിൽ ജോക്കോവിച്ച് മത്സരിക്കുന്നുണ്ട്. നാലാമത്തെ ഫ്രഞ്ച് ഓപ്പൺ കിരീടം നേടാനുള്ള ശ്രമത്തിലാണ് സെർബിയൻ ഇതിഹാസം.