നഴ്സിങ് വിദ്യാർഥിനിയുടെ മരണം: മൂന്ന് സഹപാഠികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കോട്ടയം സ്വദേശികളായ രണ്ടുപേരെയും കൊല്ലം പത്തനാപുരം സ്വദേശിയെയുമാണ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്
നഴ്സിങ് വിദ്യാർഥിനിയുടെ മരണം: മൂന്ന് സഹപാഠികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Published on

നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്‍റെ ആത്മഹത്യയിൽ സുഹൃത്തും സഹപാഠികളുമായ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. ഇന്ന് സന്ധ്യയോടെ പത്തനംതിട്ട പൊലീസ് ആണ് മൂവരെയും കസ്റ്റഡിയിലെടുത്തത്.

കോട്ടയം സ്വദേശികളായ രണ്ടുപേരെയും കൊല്ലം പത്തനാപുരം സ്വദേശിയെയുമാണ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടുകളിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമ്മു സജീവിന്‍റെ മരണത്തിൽ ആരോപണ വിധേയരാണ് മൂന്നുപേരും. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള വിദ്യാർഥികളെ ചോദ്യംചെയ്തു വരികയാണ്. കൂടുതൽ ചോദ്യം ചെയ്യലിനുശേഷം ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനും അറസ്റ്റ് രേഖപ്പെടുത്താനുമാണ് സാധ്യതയെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ചുട്ടിപ്പാറ സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിലെ നാലാംവർഷ വിദ്യാർഥി തിരുവനന്തപുരം അയിരൂപാറ സ്വദേശിനി അമ്മു സജീവ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്നും വീണ് മരിച്ചത്. പിന്നാലെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. സഹപാഠികളായ വിദ്യാർഥികൾ അമ്മുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാണ് കുടുംബത്തിന്‍റെ ആരോപണം.

Also Read: 'മല്ലു ഹിന്ദു' വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം: കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ പ്രാഥമിക അന്വേഷണം

അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരൻ അഖിൽ സജീവ് പറഞ്ഞിരുന്നു. മരണത്തിൽ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും ആരോഗ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകുമെന്നും സഹോദരൻ പറഞ്ഞു. മരണത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ, കെഎസ്‌യു ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണ വിധേയരായ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com