പ്രതികളുടെ മൊബൈൽ ഫോണുകൾ വിട്ട് കിട്ടാൻ ഉന്നതപൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
ഓം പ്രകാശ് പ്രതിയായ ലഹരി കേസിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. ലഹരി ഇടപാടുകളുടെ ഫണ്ടർ കൊല്ലം സ്വദേശി ഷിഹാസാണ് എന്നാണ് കണ്ടെത്തൽ. അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥനിലേക്കും നീളുന്നുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകൾ വിട്ട് കിട്ടാൻ ഉന്നതപൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിലെ അന്വേഷണം പൂർത്തിയാക്കിയ പൊലീസ്, ഓം പ്രകാശിൻ്റെ ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടിയെന്ന് ഉറപ്പിച്ചിരുന്നു. ഓം പ്രകാശിൻ്റെ മുറിയിൽ എത്തിയ മുഴുവൻ ആളുകളേയും ചോദ്യം ചെയ്തതിന് ശേഷമാണ് പൊലീസ് അന്വേഷണം പൂർത്തിയാക്കിയത്.
ALSO READ: ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്: അന്വേഷണം പൂർത്തിയാക്കി പൊലീസ്
ഓം പ്രകാശിൻ്റെ ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനുമടക്കം 20 പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഓം പ്രകാശിൻ്റെ മുറിയിൽ സത്ക്കാരത്തിനിടെ എത്തിയതായിരുന്നു 20 പേരും. ഇവരുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘത്തിന് മുറിയിൽ ലഹരി പാർട്ടി നടന്നതായി ഉറപ്പിക്കാൻ കഴിഞ്ഞു. ഇവരിൽ ചിലരുടെ മുടിയും നഖവും രാസ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് പൊലീസ്. ഈ പരിശോധനകളുടെ ഫലം ലഭിക്കുന്നതോടെ അന്വേഷണ സംഘം കൂടുതൽ നടപടികളിലേക്ക് കടക്കും. എന്നാൽ താരങ്ങളെ വീണ്ടും ചോദ്യം ചെയേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഓം പ്രകാശിൻ്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ് മരട് പൊലീസ്.
ഒക്ടോബർ ആറിനാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിന്ന് ഓം പ്രകാശിനെ പിടികൂടിയത്. നാല് ലിറ്റർ വിദേശമദ്യവും കൊക്കെയിന്‍ പൗഡറും ഇവരില്‍ നിന്ന് കൊച്ചി ഡാൻസാഫ് ടീമും മരട് പൊലീസും ചേർന്ന് പിടിച്ചെടുത്തിരുന്നു.