
ഓണത്തിനൊപ്പം തിയേറ്ററുകളും ആവേശത്തിൽ ആറാടുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിവാദങ്ങൾക്ക് ഇടമായിരുന്നു മലയാള സിനിമാ മേഖല. എന്നാൽ മികച്ച സിനിമകൾ സമ്മാനിച്ചാൽ, പ്രേക്ഷകർ എല്ലാക്കാലത്തും പിന്തുണയ്ക്കുമെന്ന് തെളിയിക്കുകയാണ് ഈ ഓണക്കാലം.
2024, മലയാള സിനിമയെ സംബന്ധിച്ച് നിർണായക വർഷമാണ്. ആദ്യ 1000 കോടി ബോക്സോഫീസ് നേട്ടത്തിലൂടെ പെരുമ കാട്ടിയ മലയാള സിനിമ, ഹേമ കമ്മിറ്റി റിപ്പോർട്ടും പീഡന ആരോപണങ്ങളെയും തുടർന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തല താഴ്ത്തി നിൽക്കുകയായിരുന്നു. എന്നാൽ ഓണ റിലീസുകളിലൂടെ വീണ്ടും മലയാള സിനിമ പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യത തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് ഈ ഓണക്കാലത്തിൻ്റെത്.
അതുകൊണ്ടുതന്നെ വെള്ളിത്തിരയിൽ കളർഫുള്ളായ ഓണമാണ് ഇക്കുറി. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ സൂപ്പർ താരങ്ങളുടെ സിനിമകൾ ഇല്ലെന്നത് ശ്രദ്ധേയമാണ്. ആ കുറവ് പരിഹരിച്ച് ടൊവിനോ തോമസും ആസിഫ് അലിയും ആൻ്റണി വർഗീസും സീനിയർ താരം റഹ്മാനും രംഗത്തുണ്ട്. ബജറ്റിൻ്റെ പോരുമകൊണ്ടും ബിഗ് ക്യാൻവാസുകൊണ്ടും ശ്രദ്ധ നേടിയ ടൊവിനോ തോമസിൻ്റെ അജയൻ്റെ രണ്ടാം മോഷണവും ആസിഫ് അലിയുടെ കിഷ്കിന്ധാകാണ്ഡവും ഉത്രാടത്തിന് രണ്ടു ദിവസംമുമ്പ് തന്നെ തിയറ്ററിലെത്തി.
READ MORE: "ചില കുടുംബ പാർട്ടികൾ കശ്മീർ വികസനം തടഞ്ഞു"; തീവ്രവാദം കശ്മീരിൽ അന്ത്യശ്വാസം വലിക്കുകയാണെന്ന് പ്രധാനമന്ത്രി
ത്രീഡി ഫോർമാറ്റിൽ ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തിയ അജയൻ്റെ രണ്ടാം മോഷണം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞിക്കേളുവിൽ നിന്നും ആരംഭിച്ച് മണിയനിലൂടെ അജയനിലേക്കെത്തുന്ന മൂന്ന് തലമുറയിലെ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ തെന്നിന്ത്യൻ താരങ്ങളായ കൃതി ഷെട്ടിയും ഐശ്വര്യ രാജേഷുമാണ് നായികമാർ.
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താനും ആസിഫും വീണ്ടും ഒന്നിച്ച കിഷ്കിന്ധാ കാണ്ഡം വേറിട്ട ട്രാക്കിൽ ത്രില്ലടിപ്പിക്കുന്ന കഥയാണ്. അപർണ ബാലമുരളി നായികയാകുന്ന ചിത്രത്തിൽ വിജയരാഘവൻ്റെ പെർഫോമൻസാണ് ഞെട്ടിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. പ്രമേയം കൊണ്ടും ആഖ്യാനംകൊണ്ടും കഥ പറയുന്ന കാഴ്ചപ്പാടിലും അത്ഭുതപ്പെടുത്തുന്ന സിനിമകളുടെ പട്ടികയിലാണ് കിഷ്കിന്ധാകാണ്ഡം ഇടം പിടിച്ചിരിക്കുന്നത്.
പോയ വർഷത്തെ ഓണക്കാല വിന്നർ ആർഡിഎക്സിൻ്റെ വിജയം ആവർത്തിക്കുകയാണ് ആൻ്റണി വർഗീസ്. അജിത്ത് മാമ്പള്ളി സംവിധാനം ചെയ്ത കൊണ്ടൽ എന്ന ചിത്രത്തിൽ കന്നട താരം രാജ് ബി ഷെട്ടിയും പ്രധാന വേഷത്തിലുണ്ട്. മുഴുനീളം നടുക്കടലിൽ നടക്കുന്ന പ്രതികാര കഥയിൽ ആൻ്റണി വർഗീസിൻ്റെ ആക്ഷൻ രംഗങ്ങളാണ് ഹൈലൈറ്റ്. ഒപ്പം ഇമോഷണലിയും പ്രേക്ഷകരെ അടുപ്പിക്കുന്നു. സോഫിയ പോളിൻ്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആർഡിഎക്സിനു ശേഷം നിർമിച്ച ചിത്രമാണ് കൊണ്ടൽ.
ഒരു കാലത്ത് മലയാളത്തിൽ നിറസാന്നിധ്യമായിരുന്ന റഹ്മാന് ഇടവേളയ്ക്കു ശേഷം നായകനായ ബാഡ് ബോയ്സ് ഫൺ ആക്ഷൻ എൻ്റർടെയ്നറായി ഇന്നലെ തിയറ്ററിലെത്തി. ധ്യാൻ ശ്രീനിവാസൻ, ബിബിൻ ജോർജ്, ബാബു ആൻ്റണി, ഷീലു എബ്രഹാം, സെന്തിൽ കൃഷ്ണ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്ന ചിത്രം ഒമർ ലുലുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആൻ്റപ്പൻ എന്ന അച്ചായൻ കഥാപാത്രമായി എത്തിയ റഹ്മാൻ്റെ തിരിച്ച് വരവ് പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നു.
മലയാളത്തിലേക്ക് പുതിയൊരു താരപുത്രൻ്റെ അരങ്ങേറ്റമാണ് ഈ ഓണക്കാലം. സംവിധായകൻ ഷാജി കൈലാസിൻ്റെയും നടി ആനിയുടെയും മകൻ റുഷിൻ നായകനായ ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഇന്നലെ തിയറ്ററിലെത്തി. ഷെബി ചൗഘട്ട് സംവിധാനം ചെയ്തു കോമഡി ട്രാക്കിൽ കഥ പറയുന്ന ചിത്രത്തിൽ അബു സലീമാണ് ടൈറ്റിൽ വേഷത്തിലെത്തുന്നത്. സുധീഷ്, അൽത്താഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ പ്രതിഭാ ട്യൂട്ടോറിയലും ഇന്നലെ റിലീസ് ചെയ്തിട്ടുണ്ട്.
ഏകദേശം 75 കോടിയിലേറെ മുതൽ മുടക്കിയാണ് ഓണച്ചിത്രങ്ങൾ എത്തിയിരിക്കുന്നത്. ലൈംഗിക പീഡന ആരോപണങ്ങളുടെ പെരുമഴയിൽ മലയാള സിനിമയുടെ പ്രതിഛായ തകർന്നിരിക്കുന്ന സമയത്താണ് സിനിമകളുടെ ബംബർ റിലീസ്. നാല് സിനിമകളും പ്രേക്ഷക ഇഷ്ടം നേടിയതോടെ വീണ്ടും മികച്ച ബിനിസന് നേട്ടത്തിലേക്ക് മലയാള സിനിമ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.