
വിമാനങ്ങള്‍ക്ക് നേരെ തുടരുന്ന വ്യാജ ബോംബ് ഭീഷണിയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യാജ സന്ദേശങ്ങള്‍ തടയാന്‍ യുക്തമായ ശ്രമങ്ങള്‍ നടത്താനും നിയമപരായി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനുമാണ് നിര്‍ദേശം.
ഐടി നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നിയമപരിരക്ഷ ലഭിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന തേര്‍ഡ് പാര്‍ട്ടി കണ്ടന്റുകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് പരിരക്ഷ നല്‍കുന്ന വ്യവ്യസ്ഥയുടെ ആനുകൂല്യം ലഭിക്കില്ലെന്ന മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്.
വിമാന കമ്പനികളുടെ പ്രവര്‍ത്തനത്തെ വരെ സാരമായി ബാധിക്കുന്ന തരത്തിലാണ് വ്യാജ ബോംബ് ഭീഷണികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. യാത്രക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അടക്കം വലിയ തലവേദനയാണ് വ്യാജ സന്ദേശങ്ങള്‍ മൂലമുണ്ടാകുന്നത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ 250 ഓളം വിമാനങ്ങള്‍ക്ക് 250 ലേറെ വ്യാജ സന്ദേശങ്ങളാണ് ലഭിച്ചത്. തെറ്റായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ അധികാരികളെ അറിയിക്കണമെന്നാണ് സോഷ്യല്‍മീഡിയകള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശം.
അതേസമയം, വ്യാജ സന്ദേശ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഡല്‍ഹി സ്വദേശിയായ ശുഭം ഉപാധ്യായയാണ് അറസ്റ്റിലായത്. വാര്‍ത്താ ചാനലുകളില്‍ സമാനമായ റിപ്പോര്‍ട്ടുകള്‍ കണ്ടതിനെ തുടര്‍ന്ന് തന്നിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനാണ് വ്യാജ ഭീഷണി നല്‍കിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞയാഴ്ച മുംബൈ പൊലീസ് പതിനേഴുകാരനെ അറസ്റ്റ് ചെയ്തിരുന്നു.