കൊടുങ്കാറ്റിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചയാണ് കപ്പൽ മുങ്ങിയത്
ബ്രിട്ടനിൽ ആഡംബര നൗക മുങ്ങി ടെക് രംഗത്തെ കോടീശ്വരനെ കാണാനില്ല. ഓട്ടോണമി സോഫ്റ്റ്‌വെയറിൻ്റെ സ്ഥാപകനായ മൈക്ക് ലിഞ്ചിനെയാണ് കാണാതായത്. ബ്രിട്ടനിലെ സിസിലി തീരത്തിനു സമീപമാണ് സൂപ്പർ യാച്ച് എന്ന ബ്രീട്ടീഷ് ആഡംബര നൗക മുങ്ങിയത്. തിങ്കളാഴ്ച പുലർച്ചെയുണ്ടായ കൊടുങ്കാറ്റിനെ തുടർന്നാണ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും ലിഞ്ച് ഉൾപ്പടെ ആറ് പേരെ കാണാതായെന്നുമാണ് റിപ്പോർട്ട്.
ഓട്ടോണമി സോഫ്റ്റ്‌വെയറിൻ്റെ സ്ഥാപകനാണ് മൈക്ക് ലിഞ്ച്. 2011 ൽ ഓട്ടോണമി സ്ഥാപനം ഹ്യൂലറ്റ് പാക്കാർഡിനു വിറ്റതുമായി ബന്ധപ്പെട്ട കേസിൽ 59 കാരനായ ലിഞ്ച് കുറ്റവിമുക്തനായതിൻ്റെ ആഘോഷമായിരുന്നു കപ്പലിൽ നടന്നിരുന്നത്. 2023 ലെ ദി സൺഡേ ടൈംസിൻ്റെ സമ്പന്നരുടെ പട്ടികയിൽ ലിഞ്ചും ഭാര്യയും സ്ഥാനം പിടിച്ചിരുന്നു. ബ്രിട്ടനിലെ ബിൽ ഗേറ്റ്സ് എന്നും യുകെയിലെ ആദ്യ ടെക് ശതകോടീശ്വരൻ എന്നുമാണ് ലിഞ്ച് അറിയപ്പെടുന്നത്.
ALSO READ: മുഴുപ്പട്ടിണിയിൽ യെമൻ; അന്താരാഷ്ട്ര സഹായത്തെ ആശ്രയിക്കുന്നത് 18 ദശലക്ഷത്തോളം യെമനികളെന്ന് ഐക്യരാഷ്ട്ര സംഘടന
കാണാതായവരിൽ ഇദ്ദേഹത്തിൻ്റെ 18 വയസ്സുള്ള മകൾ ഹന്നയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ലിഞ്ചിൻ്റെ ഭാര്യ ആഞ്ചല ബകേറസ ഉൾപ്പെടെ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആകെ 22 പേരാണ് ആഡംബര നൗകയിലുണ്ടായിരുന്നത്. നൗകയിലെ ഷെഫ് ആണ് മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.