കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിജു (38) ആണ് മരിച്ചത്
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ രണ്ടു പേർ കൂടി ഞായറാഴ്ച വൈകീട്ട് മരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19), ബിജു (38) എന്നിവരാണ് മരിച്ചത്. ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരണം നാലായി. നേരത്തെ അപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രതീഷ് (32) ഞായറാഴ്ച രാവിലെയും, കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സന്ദീപ് ശനിയാഴ്ച വൈകിട്ടും മരിച്ചിരുന്നു. സാരമായി പൊള്ളലേറ്റ് വെൻ്റിലേറ്ററിൽ തുടരുന്നതിനിടെയായിരുന്നു അന്ത്യം.
അതേസമയം, പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ജാമ്യം കാസർഗോഡ് ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ എട്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
ALSO READ: 1952 ശബരിമല മുതൽ 2024 നീലേശ്വരം വരെ; കേരള ചരിത്രത്തോളം പഴക്കമുള്ള വെടിക്കെട്ടപകടങ്ങൾ
ഉത്തര മലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കാവുകളിലൊന്നായ അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലായിരുന്നു അപകടം നടന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ചുതോറ്റം ചടങ്ങിനിടെ പടക്കങ്ങൾ സൂക്ഷിച്ച കെട്ടിടത്തിന് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ 154 ഓളം പേർക്ക് പരുക്കേറ്റിരുന്നു. പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
വെടിക്കെട്ടപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കാസർഗോഡ് ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അന്വേഷണത്തിന് നിർദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും അറിയിച്ചു. കാസർഗോഡ് ഗവ. ഗസ്റ്റ് ഹൗസിൽ അടുത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.