
നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. തൊടുപുഴയിലെ ലൊക്കോഷനിൽ വച്ച് നടൻ ലൈംഗികാതിക്രമം കാണിച്ചെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്യും.
നേരത്തെ തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമം 354ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾക്കാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
കൊച്ചി സ്വദേശിനിയായ നടിയുടെ ലൈംഗികപീഡന പരാതിയിൽ ജയസൂര്യ അടക്കം ഏഴ് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജയസൂര്യക്ക് പുറമേ, മുകേഷ്, ഇടവേള ബാബു, മണിയന്‍ പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ.വി. എസ്.ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.