കഴിഞ്ഞ അഞ്ച് വർഷമായി നടന്ന വൻ നികുതി വെട്ടിപ്പാണ് ഓപ്പറേഷനിലൂടെ കണ്ടെത്തിയത്
സംസ്ഥാനം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ സ്വർണ റെയ്‌ഡാണ് തൃശൂരിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. തൃശൂരിലെ സ്വർണവ്യാപാര മേഖലയിൽ സംസ്ഥാന ജിഎസ്‌ടി വകുപ്പ് നടത്തിയ റെയ്‌ഡിന് ഓപ്പറേഷൻ ടൊറേ ഡെൽ ഒറോ എന്നായിരുന്നു പേര്. 560ഓളം ഉദ്യോഗസ്ഥർ പങ്കെടുത്ത് കൊണ്ട് നടത്തിയ ആ റെയ്ഡിൽ, 104 കിലോ അനധികൃത സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ അഞ്ച് വർഷമായി നടന്ന വൻ നികുതി വെട്ടിപ്പാണ് ഓപ്പറേഷനിലൂടെ കണ്ടെത്തിയത്. എന്നാൽ, 'ടൊറേ ഡെൽ ഒറോ' എന്ന് ഈ ഓപ്പറേഷന് പേര് വരാൻ കാരണമെന്തായിരിക്കും?
സ്പെയിനിലെ സ്വർണ ഗോപുരം
സ്പെയിനിലെ സെവില്ലെയിൽ ഗ്വാദൽക്വിവിർ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു അതിപുരാതന ഗോപുരമാണ് യഥാർഥത്തിൽ ടൊറേ ഡെൽ ഒറോ. സ്വർണ ഗോപുരം എന്നാണ് ഈ പേരിനർഥം. പൂർണമായും സ്വർണനിറം പ്രതിഫലിക്കുന്ന ഗോപുരമായതിനാലാണ് ടൊറേ ഡെൽ ഒറോ എന്ന പേര് ഈ ഗോപുരത്തിന് ലഭിച്ചത്.
പതിമൂന്നാം നൂറ്റാണ്ടിൽ തൈഫ രാജാക്കന്മാരുടെ ഭരണകാലത്താണ് ടൊറേ ഡെൽ ഒറോ ഗോപുരം നിർമിതമായത്. ഗ്വാദൽക്വിവിർ നദിയിൽ നിന്നും പ്രദേശത്തെ ആളുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോപുരം നിർമിച്ചത്. എന്നാൽ, 1755ൽ ഉണ്ടായ ലിസ്ബൺ ഭൂചലനത്തിൽ ആ ഗോപുരം പൂർണമായും തകർന്നു.
പക്ഷെ, 2005ൽ ടൊറേ ഡെൽ ഒറോ പുനഃസ്ഥാപിച്ചു. ടൊറേ ഡെൽ ഒറോയുടെ സ്വർണ നിറത്തിന് കാരണമെന്താണെന്ന് സെവിലിയക്കാർക്ക് ഇന്നും വ്യക്തമല്ല. വ്യത്യസ്ത കാരണങ്ങളാണ് സ്പെയ്നുകാർ ഇതിന് കരുതുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നും സ്പെയ്നിലേക്ക് എത്തിച്ചിരുന്ന സ്വർണവും വെള്ളിയുമടങ്ങുന്ന വിലപിടിപ്പുള്ള ലോഹങ്ങളും മറ്റും സൂക്ഷിച്ചിരുന്നത് ടൊറേ ഡെൽ ഒറോ ഗോപുരത്തിലാണെന്നും, ഇത് മൂലമാണ് ഗോപുരത്തിന് സ്വർണനിറമെന്നുമാണ് വലിയൊരു വിഭാഗം കരുതുന്നത്. ടൊറേ ഡെൽ ഒറോ പുനഃസ്ഥാപിതമായപ്പോൾ, കുമ്മായവും സ്ട്രോ മോർട്ടലും ഉപയോഗിച്ച് നിർമിച്ചതിനാലാണ്, ഗോപുരത്തിന് സ്വർണ നിറം പ്രതിഫലിക്കാൻ കാരണമായതെന്നാണ് ഒരു പറ്റം വിദഗ്ധരുടെ പക്ഷം.
സെവിലിയക്കാർക്ക് വളരെ പ്രാധാന്യമുള്ള ഈ ഗോപുരത്തെ പല അവസരങ്ങളിലും തകർച്ചയിൽ നിന്ന് അവർ രക്ഷിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളിൽ നിന്നും, മറ്റ് തകർച്ചയിൽ നിന്നുമെല്ലാം സെവിലിയക്കാർ ടൊറേ ഡെൽ ഒറോയെ കാത്ത് സൂക്ഷിച്ചു. അതിനാൽ തന്നെ, പോരാട്ടത്തിൻ്റെയും അതിജീവനത്തിൻ്റെയും പ്രതീകമായി അവർക്ക് ടൊറേ ഡെൽ ഒറോ.
നേരത്തെ, ഗോപുരത്തെ ഒരു കോട്ടയായും ചാപ്പലായും വെയർഹൗസായും ജയിലായും ഗ്വാദൽക്വിവിർ റിവർ കമ്പനിയുടെ പ്രധാന ഓഫീസായും ഉപയോഗിച്ചു. എന്നാൽ, ഇപ്പോൾ ടൊറേ ഡെൽ ഒറോ ഒരു നേവൽ മ്യൂസിയമാണ്. ഈ പേരിൽ നിന്നാണ് തൃശൂരിൽ ജി.എസ്.ടി വകുപ്പ് നടത്തിയ സ്വർണ വേട്ടയ്ക്ക് ടൊറോ ഡെൽ ഒറോ എന്ന് പേര് നൽകാനുള്ള കാരണവും