'എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു'; തുഷാർ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ച് പ്രതിപക്ഷ നേതാവ്

മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദർശനത്തിൻ്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ (വെള്ളി) ആലുവ യു.സി കോളജിൽ നടക്കുന്ന പരിപാടിയിൽ തുഷാർ ഗാന്ധിക്ക് ഒപ്പം പ്രതിപക്ഷ നേതാവും പങ്കെടുക്കും
വി.ഡി. സതീശന്‍, തുഷാർ ഗാന്ധി
വി.ഡി. സതീശന്‍, തുഷാർ ഗാന്ധി
Published on

തുഷാർ ഗാന്ധിയുമായി ഫോണിൽ സംസാരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കേരളത്തിലെ കൂടുതൽ പരിപാടികളിൽ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് പ്രതിപക്ഷ നേതാവ് അഭ്യർഥിച്ചു. മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദർശനത്തിൻ്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ (വെള്ളി) ആലുവ യു.സി കോളജിൽ നടക്കുന്ന പരിപാടിയിൽ തുഷാർ ഗാന്ധിക്ക് ഒപ്പം പ്രതിപക്ഷ നേതാവും പങ്കെടുക്കും.

ആർഎസ്എസിനെ വിമർശിച്ചുകൊണ്ടുള്ള തുഷാർ ​ഗാന്ധിയുടെ പ്രസം​ഗത്തിൽ പ്രകോപിതരായാണ് ആർഎസ്എസ്, ബിജെപി പ്രവർത്തകർ തുഷാർ ​ഗാന്ധിയെ തടഞ്ഞുവച്ചത്. രാജ്യത്തിൻ്റെ ആത്മാവിന് കാൻസർ ബാധിച്ചിരിക്കുന്നുവെന്നും, സംഘപരിവാർ ആണ് ഈ ക്യാൻസർ പടർത്തുന്നത് എന്നുമായിരുന്നു തുഷാർ ഗാന്ധിയുടെ പ്രസംഗം. ബുധനാഴ്ച നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയപ്പോഴാണ് ആർഎസ്എസ്, ബിജെപി പ്രവർത്തകർ തുഷാറിനെ അര മണിക്കൂറോളം തടഞ്ഞുവച്ചത്. സംഭവത്തിൽ, അഞ്ച് ആർഎസ്എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹേഷ്, കൃഷ്ണകുമാർ, ഹരികുമാർ, സൂരജ്, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.

വലിയ തോതിലുള്ള പിന്തുണയാണ് തുഷാർ ​ഗാന്ധിക്ക് കേരളത്തിലെ ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിച്ചത്. സിപിഐയും സിപിഐഎമ്മും ഡിവൈഎഫ്ഐയും തുഷാർ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തി. ഗാന്ധിജിയെ വെടിവെച്ച് കൊന്ന വെടിയുണ്ടയും അതിന് പിറകിലെ ഗോഡ്സെയും ഇപ്പോഴും സജീവമാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയിൽ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടേതെന്നും, തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, തുഷാർ ഗാന്ധി മാനസിക രോഗിയാണെന്നായിരുന്നു ബിജെപി നേതാവ് എസ്. സുരേഷിന്റെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com