
കോൺഗ്രസും യുഡിഎഫും ആയി സഹകരിക്കാം എന്ന് പി.വി. അൻവർ പറഞ്ഞിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃണമൂൽ കോൺഗ്രസിൻ്റെയും അൻവറിൻ്റെയും യുഡിഎഫ് പ്രവേശനത്തിനെപ്പറ്റിയുള്ള ചർച്ചയ്ക്ക് ശേഷമാണ് വി.ഡി. സതീശൻ്റെ പ്രതികരണം. അൻവറുമായി വിശദമായി സംസാരിച്ചു. സഹകരണത്തിന്റെ രീതിയെക്കുറിച്ച് കുറച്ച് ഉപാധികൾ വച്ചിട്ടുണ്ട്. അത് പാർട്ടിയിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
സഹകരണം ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഏത് രീതിയിലെ സഹകരണമെന്നത് പാർട്ടിയും മുന്നണിയുമായി ആലോചിക്കട്ടെ. യുഡിഎഫ് സ്ഥാനാർഥിക്ക് പരിപൂർണ പിന്തുണ അൻവർ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്യങ്ങൾ തങ്ങൾ ചോദിച്ചറിയുകയാണ് ചെയ്തത്. അൻവറിന്റെ പിന്തുണ നിലമ്പൂരിൽ ഗുണം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കശ്മീരിലെ ഭീകരാക്രമണത്തിലും വി.ഡി. സതീശൻ പ്രതികരിച്ചു. എന്ത് വീണ് കിട്ടിയാലും അതിനെ മതപരമായി മാറ്റിയെടുക്കാൻ പലരും ശ്രമിക്കും. അന്വേഷിച്ച് കണ്ടുപിടിക്കണം. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയാണ് കേരളത്തിലും രാജ്യത്തിലും ഉള്ളത്. ഏത് വിഷയവും വർഗീയമായി മാറ്റരുത്. രാജ്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. ആരാണ് ചെയ്തതെന്ന് കേന്ദ്ര ഗവൺമെൻ്റ് അന്വേഷണം നടത്തി പറയട്ടെയെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, പി.വി. അൻവറിന്റെ സഹകരണം നിലമ്പൂരിൽ ഗുണം ചെയ്യുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനും പറഞ്ഞു. ചർച്ച പോസിറ്റീവായിരുന്നു. താൻ സംതൃപ്തനാണെന്ന് പി.വി. അൻവർ പറഞ്ഞു. കാഴ്ചപ്പാടുകൾ വിശദീകരിച്ചു. ആരുടെയും സഹകരണം സ്വീകരിക്കും. അൻവർ ഉപാധികൾ ഒന്നും വച്ചിട്ടില്ലെന്നും കെ. സുധാകരനും പറഞ്ഞു.