
അവയവ മാഫിയ സംഘത്തിലെ മുഖ്യ കണ്ണികൾ തിരുവനന്തപുരം വർക്കലയിൽ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വാദേശികളായ നജുമുദീൻ, ശശി എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പ്രതികൾക്കായി വർക്കല എഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്.
വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിക്ക് പിന്നാലെയാണ് അവയവ മാഫിയ സംഘത്തെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഇടനിലക്കാരെ കുറിച്ചുള്ള വിവരം ലഭിച്ചു. ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അവയവ മാഫിയ സംഘത്തിലെ കൂടുതല്‍ ആളുകളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. തുടർന്നാണ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്.
ആവശ്യക്കാരിൽ നിന്ന് വലിയ തുക വാങ്ങിയശേഷം ദാതാക്കൾക്ക് നിശ്ചിത തുക നൽകി സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതാണ് സംഘത്തിന്റെ രീതി. വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഇവരുടെ നിയമവിരുദ്ധ പ്രവർത്തനം. വർക്കല സ്വദേശിനിയായ യുവതിയെയും തുക വാഗ്ദാനം ചെയ്താണ് അറസ്റ്റിലായ പ്രതികൾ സമീപിച്ചത്. സമാന കുറ്റകൃത്യം മുമ്പും ഇവർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ തുടരുകയാണ്. സംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.