
സംസ്ഥാന സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ. സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ പൊലീസ് സംരക്ഷണം അനിവാര്യമാണെന്ന ഹൈക്കോടതി ഉത്തരവ് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് സഭാ നേതൃത്വം. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ കൂട്ടാക്കാത്ത സർക്കാർ നയം അപലപനീയമാണന്നും നേതൃത്വം വിമർശിച്ചു.
പള്ളി തർക്കം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാന്ർ പൊലീസ് സംരക്ഷണം അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്നും ഓർത്തഡോക്സ് സഭാ നേതൃത്വം പ്രതികരിച്ചു.
നാളുകളായി നടന്നുവന്ന കേസിൻ്റെ അന്തിമ തീർപ്പ് പരമോന്നത നീതിപീഠത്തിൽ നിന്നുണ്ടായിട്ടും, നടപ്പിലാക്കാൻ കൂട്ടാക്കാത്ത സർക്കാർ നയം അപലപനീയമാണന്നും, ഒരു വിഭാഗം ആളുകളെ ഒരുമിച്ചുകൂട്ടി ക്രമസമാധാനപ്രശ്നം എന്ന അന്തരീക്ഷം സൃഷ്ടിച്ച് കോടതിവിധി കാറ്റിൽ പറത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.
മഴുവന്നൂർ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വികാരിക്കും വിശ്വാസികൾക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി പൊലീസ് സംരക്ഷണം അനുവദിച്ചിട്ടും പള്ളിയുടെ ഭരണ ചുമതല കൈമാറാൻ സാധിക്കാത്ത നടപടി ബോധപൂർവം അരങ്ങേറിയ നാടകമാണെന്നും ഇത്തരം നടപടികൾക്ക് അവസാനം ഉണ്ടാവണമെന്നും ഓർത്തഡോക്സ് നേതൃത്വം ആവശ്യപ്പെട്ടു.