IMPACT | വയനാട്ടിലെ പഴകിയ ഭക്ഷ്യക്കിറ്റ് വിവാദം; വിതരണം നിർത്തിവയ്ക്കാൻ ഉത്തരവിട്ട് കളക്ടർ

ഇന്നാണ് മേപ്പാടിയിൽ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലുണ്ടായിരുന്ന സോയാബീൻ കഴിച്ച മൂന്ന് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്
IMPACT | വയനാട്ടിലെ പഴകിയ ഭക്ഷ്യക്കിറ്റ് വിവാദം; വിതരണം നിർത്തിവയ്ക്കാൻ ഉത്തരവിട്ട് കളക്ടർ
Published on

വയനാട് മേപ്പാടി പഞ്ചായത്തിലെ ഭക്ഷ്യ കിറ്റ് വിതരണം നിർത്തിവയ്ക്കാൻ ഉത്തരവിട്ട് കളക്ടർ ഡി.ആർ. മേഘശ്രീ. പഴകിയ ഭക്ഷ്യക്കിറ്റിലെ സോയാബീൻ കഴിച്ച് മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനു പിന്നാലെയാണ് നടപടി. സംഭവത്തിൽ റവന്യൂ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും നിയമസഭ സമിതി അന്വേഷിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. എന്നാൽ ദുരന്തമേഖലയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നായിരുന്നു സിപിഐയുടെ മറുപടി.

ഇന്നാണ് മേപ്പാടിയിൽ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലുണ്ടായിരുന്ന സോയാബീൻ കഴിച്ച മൂന്ന് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇതോടെ പഴകിയ കിറ്റ് വിതരണത്തിൽ പ്രതിഷേധം ശക്തമായി. വിവാദം ശക്തമായ സാഹചര്യത്തിൽ കിറ്റ് വിതരണം നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിടുകയായിരുന്നു. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരോട് കളക്ടർ നിർദേശവും നൽകി. പഴകിയ കിറ്റ് വിതരണം ചെയ്യാനിടയായ സാഹചര്യം കുറ്റക്കാരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷിക്കണമെന്ന് യുഡിഎഫ് നേതാവ് ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.

എന്നാൽ കിറ്റ് വിതരണത്തെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുക ആണെന്നായിരുന്നു മന്ത്രി കെ. രാജന്‍റെ പ്രതികരണം. വിഷയത്തിൽ ഡിഎംഒയോട് ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കെ. രാജൻ പറഞ്ഞു. കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത് ഉയർത്തി സിപിഐഎമ്മും പ്രതിഷേധവുമായി രംഗത്തുവന്നു. മേപ്പാടി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച സിപിഐഎം വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കുമെന്നും പ്രഖ്യാപിച്ചു.


നേരത്തെ, മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റുകളിൽ പുഴുവരിച്ച അരിയുൾപ്പടെ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ, ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയെന്ന ന്യൂസ് മലയാളം വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. നേരത്തെ വിഷയത്തിൽ ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവിച്ചത് ഗുരുതരമായ വീഴ്‌ചയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com