ഈ പുസ്തകം എഴുതിയത് അബ്ദുനാസര്‍ മഅദനിയെ വിലയിരുത്താനാണ് എന്ന ചില വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ട്.
'കേരളം മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ മറുപടിയുമായി പി. ജയരാജന്‍. കണ്ണ് കാണാത്തവന്‍ ആനയെ കണ്ടതുപോലെയാണ് തന്റെ പുസ്തകത്തെ കുറിച്ചുള്ള വിമര്‍ശനം.
ഈ പുസ്തകം എഴുതിയത് പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅദനിയെ വിലയിരുത്താനാണ് എന്ന ചില വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ട്. മഅദനി മത തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചു എന്ന് ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിലപാടില്‍ മാറ്റം വന്നിട്ടുണ്ട് എന്നും ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന മഅദനിയെ അപമാനിച്ചു എന്നാണ് ചിലര്‍ പറയുന്നത്. അത് കണ്ണ് കാണാത്തവന്‍ ആനയെക്കുറിച്ച് പറയുന്നത് പോലെയാണ്. 2008 ല്‍ താന്‍ എഴുതിയ പുസ്തകത്തില്‍ പൂന്തുറ കലാപത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതില്‍ മഅദനിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് പറഞ്ഞിട്ടുണ്ട്. യാതൊരു പ്രകോപനവും ഇല്ലാതെ സംവാദത്തിന് ഉതകുന്ന നിലപാടാണ് താന്‍ സ്വീകരിക്കുന്നതെന്നും പി. ജയരാജന്‍ പറഞ്ഞു.
ALSO READ: മഅദനിക്കെതിരായ ആരോപണം അന്ധൻ ആനയെക്കണ്ട പ്രതിഭാസം; പി. ജയരാജന്‍റെ പുസ്തകം കത്തിച്ച് പിഡിപി
നേരത്തെ പുസ്തകത്തിനെതിരെ വിമര്‍ശനവുമായി പിഡിപി രംഗത്തെത്തിയിരുന്നു. പുസ്തകം കത്തിച്ച പിഡിപി പ്രവര്‍ത്തകര്‍ മഅദനിക്കെതിരായ വിമര്‍ശനത്തില്‍ പി ജയരാജനെതിരെ രംഗത്തെത്തിയിരുന്നു. പി ജയരാജന്റെ തീവ്രവാദ ആരോപണം അന്ധന്‍ ആനയെക്കണ്ട പ്രതിഭാസമാണെന്നായിരുന്നു പിഡിപിയുടെയും ആരോപണം.
മഅദനിക്ക് ജയരാജന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട. മഅദനിക്കെതിരെ കേരളത്തില്‍ ഒരു കേസ് പോലും നിലനില്‍ക്കുന്നില്ല. ഇടതുപക്ഷ നേതാവ് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും പിഡിപി വിമര്‍ശിച്ചു. പി. ജയരാജന്‍ പറഞ്ഞത് സിപിഎം അഭിപ്രായമാണെങ്കില്‍ സെക്രട്ടറി പറയണം. പുസ്തകം പൂര്‍ണ രൂപത്തില്‍ പഠിച്ച ശേഷം അപവാദങ്ങള്‍ക്ക് അക്കമിട്ട് മറുപടിപറയുമെന്നും പിഡിപി. തെളിവുകള്‍ നിരത്തി പരസ്യ സംവാദത്തിനും പിഡിപി വെല്ലുവിളിച്ചു.
ഇങ്ങനെ ഒരു ചരിത്രം എഴുതാന്‍ പി ജയരാജന് എന്ത് യോഗ്യതയാണ് ഉള്ളത്? ഒറ്റപ്പാലത്ത് മഅദനി 1993ല്‍ ഇടത് മുന്നണിക്കായി പ്രചാരണം നടത്തി ഇ.എം.എസ് മഅദനിയെ ഗാന്ധിജിയോടാണ് ഉപമിച്ചത്. സംഘപരിവാര്‍ പരാമര്‍ശങ്ങളെ സാധൂകരിക്കുന്ന ഇടതുപക്ഷ നിലപാടിനോട് ശക്തമായ വിയോജിപ്പാണെന്നും പി ഡി പി ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ പറഞ്ഞു.
ഇന്നാണ് സിപിഎം നേതാവ് പി. ജയരാജനെഴുതിയ കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. കോഴിക്കോട് വച്ചാണ് പുസ്തക പ്രകാശനം നടന്നത്. ജയരാജന്റെ വിലയിരുത്തലുകള്‍ വ്യക്തിപരമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.