പി. പി. ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തലശ്ശേരി സെഷൻസ് കോടതിയാണ് വിധി പറയുന്നത്
എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി. പി. ദിവ്യക്ക് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ദിവ്യയെ തരംതാഴ്ത്താനാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം.
ഇക്കാര്യം സിപിഎം അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടപടി അംഗീകരിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായെന്നാണ് ലഭിക്കുന്ന വിവരം. പി.പി ദിവ്യയെ ഏരിയാ കമ്മിറ്റിയിലേക്കോ ബ്രാഞ്ചിലേക്കോ മാറ്റാനാണ് പാർട്ടിക്കുള്ളിലെ ആലോചന.
സമ്മേളന കാലയളവിൽ നടപടിയെടുത്താൽ അത് വിഭാഗീയതയ്ക്ക് കാരണമാകും എന്ന് വിലയിരുത്തി നടപടിയിലേക്ക് ഉടൻ കടക്കില്ലെന്നും സൂചനയുണ്ട്. അതേസമയം പി. പി. ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തലശ്ശേരി സെഷൻസ് കോടതിയാണ് വിധി പറയുന്നത്.