
രാഷ്ട്രീയ വിവാദങ്ങളുടെ കുത്തൊഴുക്കിൽ പാലക്കാട് ഉപതെരഞ്ഞടുപ്പിൻ്റെ പോളിങ് പൂർത്തിയായതിന് പിന്നാലെ അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്തെത്തി. സന്ദീപ് വാര്യരുടെ കടന്നുവരവ് കോൺഗ്രസിന് തിരിച്ചടിയായിയെന്നാണ് പോളിങ് കണക്കുകൾ മുൻനിർത്തി ബിജെപി വ്യക്തമാക്കുന്നത്. വോട്ടുകളുടെ ഏകീകരണം നടന്നെന്നും ഇവർ അവകാശപ്പെട്ടു. മുത്താൻതറ ഉൾപ്പെടുന്ന മേഖലയിൽ പോളിങ് കൂടിയിട്ടുണ്ട്. സന്ദീപ് വന്ന ശേഷം മൂത്താൻ തറയിൽ കോൺഗ്രസിന് പ്രചാരണം പോലും നടത്താനായില്ല. ഇതും ബിജെപിക്ക് പ്രതീക്ഷ ഉയർത്തുന്ന ഘടകമാണ്.
ബിജെപി ശക്തി കേന്ദ്രത്തിൽ 1701 വോട്ട് വർധിച്ചുവെന്നാണ് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ പറയുന്നത്. മൂത്താൻതറ, വടക്കന്തറ ഭാഗങ്ങളിൽ വോട്ട് കൂടിയിട്ടുണ്ട്. സന്ദീപ് വാര്യർ പോയത് ഗുണം ചെയ്തുവെന്നും,കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10000 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിന് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതീക്ഷിച്ച പോളിങ് നടന്നിട്ടുണ്ട്. എന്നാൽ അമിതമായ അവകാശ വാദം പറയുന്നില്ല. ബൂത്തിൽ സ്ഥാനാർഥിയെ തടയുന്നത് ഷോ മാത്രമാണ്. ബിജെപിക്ക് കിട്ടുന്ന വോട്ടുകൾ കോൺഗ്രസിന് കിട്ടുന്നതിൻ്റെ അസൂയയാണ് ഇപ്പോൾ ബിജെപി നേതാക്കൾ പ്രകടിപ്പിക്കുന്നത്. എക്‌സിറ്റ് പോളിൽ വിശ്വാസമില്ലെന്നും,കഴിഞ്ഞ തവണ അത് മനസിലായെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
മികച്ച വിജയപ്രതീക്ഷ തന്നെയാണ് ഉള്ളതെന്നും,പോളിങ് ശതമാനത്തിൽ വർധനവ് ഉണ്ടായെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. എന്നാൽ പാലക്കാട് നഗരസഭയിൽ 8% വോട്ട് കുറവുണ്ടായെന്ന് യുഡിഎഫ് അഭിപ്രായപ്പെട്ടു. പിരായിരിയിൽ രേഖപ്പെടുത്തിയ വോട്ടിൽ 1% മാത്രമാണ് കുറവുണ്ടായത്. യുഡിഎഫിന് 12000 മുതൽ 15000 വരെ ഭൂരിപക്ഷം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേന്ദ്രൻ പറയുന്നതിൻ്റെ ഉള്ളു പൊള്ളയാണെന്നും അതിനാലാണ് ഉള്ളിയെന്ന് പേര് വന്നതെന്നും ശ്രീകണ്ഠൻ പറഞ്ഞു.
ഇന്നലെയാണ് പാലക്കാട് ഉപതെരഞ്ഞടുപ്പിൽ 70.07 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പോളിങ് സമയം അവസാനിച്ചിട്ടും വോട്ടർമാരുടെ നീണ്ട നിരയാണ് പല പോളിങ് ബൂത്തുകളിലും രൂപപ്പെട്ടിരുന്നത്. എന്നാൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.44% പോളിങ്ങായിരുന്നു മണ്ഡലത്തിൽ രേഖപ്പെടുത്തിയിരുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ നിരന്തര വിവാദങ്ങൾ നിറഞ്ഞായിരുന്നു ഇത്തവണത്തെ പാലക്കാടൻ തെരഞ്ഞെടുപ്പ് പ്രചരണം. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായതോടെ, കോൺഗ്രസ് മീഡിയ സെൽ തലവനായിരുന്ന ഡോ. പി.സരിൻ പാർട്ടി വിട്ട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ രാഷ്ട്രീയ നാടകങ്ങൾക്ക് വരെ പാലക്കാട് സാക്ഷിയായി.
സ്ഥാനാർഥിത്വത്തിൻ്റെ പേരിലുടലെടുത്ത ചേരിപ്പോര് ഇരുമുന്നണികളിലും പല തർക്കങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി. ബിജെപിയുടെ കാര്യത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. ശോഭ സുരേന്ദ്രൻ സ്ഥാനാർഥിയാവുമെന്ന വാർത്തകളെ അസാധുവാക്കിക്കൊണ്ടായിരുന്നു സി.കൃഷ്ണകുമാറിൻ്റെ അപ്രതീക്ഷിത എൻട്രി. പിന്നാലെ പാർട്ടിയിലുണ്ടായ പിണക്കങ്ങൾ, സന്ദീപ് വാര്യരെ കോൺഗ്രസിലെത്തിച്ചു. നീല ട്രോളി ബാഗ് വിവാദം, കൊടകര കുഴല്‍പ്പണക്കേസ് ഇങ്ങനെ നീളുന്നു പാലക്കാട്ടെ തെരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങളുടെ നിര.
പാലക്കാട് പത്ത് സ്ഥാനാർഥികളാണ് ഇക്കുറി ജനവിധി തേടിയത്. ഇടതുപക്ഷ സ്ഥാനാർഥിയായ പി. സരിനും, കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും, ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച തെരഞ്ഞടുപ്പ് പോരിൻ്റെ അങ്കത്തട്ടിൽ ആര് വിജയക്കൊടി നാട്ടുമെന്നറിയാൻ ഇനി രണ്ട് നാൾ കൂടി കാത്തിരിക്കണം.