സന്ദീപ് വാര്യർ കൊണ്‍ഗ്രസില്‍ ചേർന്നതില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സന്ദീപ് മത വർഗീയതയെ ഉപേക്ഷിച്ചാൽ സന്തോഷമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
സന്ദീപ് വാര്യർ ബിജെപിയെ ഉപേക്ഷിച്ചത് ആണോ ബിജെപിയുടെ രാഷ്ട്രീയത്തെ ഉപേക്ഷിച്ചതാണോ?പഴയ ഓർമ്മയിൽ ആണ് പോകുന്നതെങ്കിൽ കോൺഗ്രസ് പറ്റിയ സ്ഥലമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെയാണ് ബിജെപിയുമായി തെറ്റിപ്പിരഞ്ഞ സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ ചേർന്നത്.
"ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിൽക്കണം എന്ന് തോന്നിയാൽ കെപിസിസി പ്രസിഡന്‍റ് ഉണ്ട്. ആർഎസ്എസ് നേതാക്കളെ പൂവിട്ടു പൂജിക്കണം എങ്കിൽ പ്രതിപക്ഷ നേതാവ് കൂടെ ഉണ്ട്. ബിജെപിയിൽ ഉണ്ടായിരുന്നപ്പോൾ ചാനൽ ചർച്ചയിൽ പറഞ്ഞ സീഡികൾ ഇവിടെയും ഉപയോഗിക്കാം മാറ്റം ഉണ്ടാവില്ല. പല വിഷയങ്ങളിലും ബിജെപിയിൽ നിന്ന് മൗനം പാലിച്ചത് പോലെ തന്നെ കോൺഗ്രസിലും മൗനം തുടരാം" , റിയാസ് പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക് വരുന്ന കാലത്താണ് സന്ദീപ് കോണ്‍ഗ്രസിലെക്ക് പോകുന്നത്. നയവും നിലപാടും വെച്ചാണ് സിപിഎം സ്വാഗതം ചെയ്യുന്നത്. ഭൂതകാലം പരിശോധിച്ചല്ല സിപിഎമ്മിലേക്ക് ക്ഷണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: സന്ദീപ് വാര്യർ പാലക്കാട് വേരോട്ടമുള്ള നേതാവാണെന്ന് കെ സുധാകരൻ; ശിഖണ്ഡിയോടുപമിച്ച് കെ. സുരേന്ദ്രൻ
പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് സന്ദീപ് വാര്യർ ബിജെപിയുമായി തെറ്റിപിരിഞ്ഞത്. അത് സമർത്ഥമായി പ്രയോജനപ്പെടുത്തണമെന്ന നിലപാടിലായിരുന്നു കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനടക്കമുള്ള ചില സിപിഎം നേതാക്കൾ. സന്ദീപ് വാര്യർ നല്ല നേതാവാണെന്നും, കറ കളഞ്ഞ 'ക്രിസ്റ്റൽ ക്ലിയർ' സഖാവായി സന്ദീപിന് ഉയരാനാകുമെന്നൊക്കെ പരസ്യ പ്രതികരണവുമായി എ.കെ. ബാലൻ രംഗത്തു വന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും നിലപാട് സന്ദീപ് വാര്യരെ പാർട്ടിയിലേക്ക് ചേർക്കേണ്ടെന്നായിരുന്നു. അപ്പോഴാണ്, സന്ദീപിനെ കോണ്‍ഗ്രസിലേക്ക് എത്തിച്ച കെ.സി. വേണുഗോപാലിന്‍റെ മിന്നല്‍ നീക്കം. കോൺഗ്രസിൻ്റെ വാർത്താസമ്മേളനത്തിന് ഇടയിലേക്ക് കയറിവന്ന സന്ദീപിനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. 'വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറി വിട്ട് സ്നേഹത്തിന്റെ കടയിലേക്കെന്ന്' എന്നായിരുന്നു സന്ദീപ് വാര്യരുടെ ആദ്യ പ്രതികരണം. ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് എങ്ങനെ ജാമ്യം ലഭിച്ചെന്ന് ബിജെപി വിശദീകരിക്കണം. സ്ഥാനാർഥി ഉൾപ്പെടെ മറുപടി പറയണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
Also Read: വെല്‍ക്കം ടു കോണ്‍ഗ്രസ്, 'കൈ' പിടിച്ച് സന്ദീപ് വാര്യര്‍; സ്വീകരിച്ച് സുധാകരന്‍
മതേതര രാഷ്ട്രീയത്തിലേക്ക് സന്ദീപിനെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രതികരണം. സന്ദീപ് പാലക്കാട് വേരോട്ടമുള്ള നേതാവാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. സന്ദീപ് വാര്യർ പോയത് തീവ്ര ഹിന്ദുത്വയിൽ നിന്ന് മൃദു ഹിന്ദുത്വയിലേക്ക് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞു. സന്ദീപ് വാര്യർ പോയത് ബൂർഷ്വാ പാർട്ടിയിലേക്കെന്ന് എം.വി. ഗോവിന്ദൻ ന്യൂസ് മലയാളം ക്രോസ് ഫയറിൽ പറഞ്ഞു.