പ്രതിദിനം ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തിയിരുന്ന പ്രദേശത്ത് ഇപ്പോൾ നൂറുകണക്കിനാളുകൾ മാത്രമാണ് എത്തുന്നത്. ഇവിടത്തെ ജനങ്ങൾ പ്രധാനമായും ടൂറിസം വരുമാനം കൊണ്ടുമാത്രം ജീവിക്കുന്നവരാണ്.
ജമ്മു കശ്മീരിലെ പഹൽഗാം ഭീകാരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് ദിവസം പിന്നിടുന്നു. ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിലും അതിർത്തിയിലെ സംഘർഷവും രൂക്ഷമായി തുടരുകയാണ്. മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന പഹൽഗാമിൽ ഭീകരർ നടത്തിയ നീചമായ നരവേട്ട തല്ലിക്കെടുത്തിയ നിരവധി സ്വപ്നങ്ങളുണ്ട്. വിനോദ സഞ്ചാരം ഉപജീവനമാർഗമാക്കിയ ഒരുകൂട്ടം ജനതയുടെ പ്രതീക്ഷകൾക്കും നേരെയാണ് ഭീകരർ വെടിയുതിർത്തത്.
കോടമഞ്ഞു പുതച്ച താഴ്വാരം, പച്ചപ്പാര്‍ന്ന പുല്‍മേടുകൾ, നീണ്ടുവളര്‍ന്ന പൈന്‍മരങ്ങൾ.സഞ്ചാരികളുടെ ഇഷ്ട താഴ്വര. സ്വിറ്റ്‌സര്‍ലന്‍ഡിന് സമാനമാണ് പഹൽഗാമിലെ ബൈസരൺ താഴ്വരയിലെ ഭൂപ്രകൃതി. അങ്ങനെ വന്നതാണ് മിനി സ്വിറ്റ്‌സര്‍ലന്‍ഡെന്ന പേര്.
ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തിയിരുന്ന ടൂറിസം കേന്ദ്രം. നിരനിരയായി തെരുവ് കച്ചവടക്കാർ. ടൂറിസ്റ്റുകളെ ബൈസരൺ വാലിയിൽ എത്തിക്കുന്ന കുതിരക്കാർ.ടൂറിസ്റ്റുകളുമായി ചീറിപ്പായുന്ന ടാക്സിക്കാർ.ഇതായിരുന്നു പഹൽഗാമിൻ്റെ കാഴ്ചകൾ. ട്രക്കിംഗും കുതിര സവാരിയുമൊക്കെയായി കഴിഞ്ഞ 22 നും പഹൽഗാമിൽ സഞ്ചാരികൾ സജീവമായിരുന്നു. അന്ന് ഉച്ചകഴിഞ്ഞ് തോക്കുകളുമായെത്തിയ ഭീകരർ 26 പേരെ നിഷ്കരുണം കൊലപ്പെടുത്തി. ആ പ്രദേശത്തിൻ്റെയാകെ ശാന്തത തകര്‍ത്തു.
പ്രതിദിനം ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തിയിരുന്ന പ്രദേശത്ത് ഇപ്പോൾ നൂറുകണക്കിനാളുകൾ മാത്രമാണ് എത്തുന്നത്. ഇവിടത്തെ ജനങ്ങൾ പ്രധാനമായും ടൂറിസം വരുമാനം കൊണ്ടുമാത്രം ജീവിക്കുന്നവരാണ്. അവരുടെ ജീവനോപാധിക്ക് നേരെ കൂടിയാണ് ഭീകരർ കാഞ്ചി വലിച്ചത്. കഴിഞ്ഞ 20 വർഷമായി കുടുബത്തോടൊപ്പം തെരുവു കച്ചവടം നടത്തുന്ന മുഹമ്മദും, 1984 മുതൽ കുതിര സവാരി നടത്തുന്ന പോണിയും പറയുന്നത് ഇവിടുത്തെ സാധാരണക്കാർക്ക് മേൽ ഭീകരാക്രമണം തീർത്ത ദുരിതം എത്രത്തോളമെന്നതാണ്.
രാജ്യത്തെയാകെ നടുക്കിയ ഭീകരാക്രമണം നടന്ന് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പഹല്‍ഗാം അതിൻ്റെ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. പ്രദേശം വീണ്ടും ആഭ്യന്തര-വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്തുതുടങ്ങിയിട്ടുണ്ട്. താഴ്വര ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഭൂമിയിലെ സ്വർഗമെന്ന് വിളിക്കപ്പെടുന്ന കശ്മീരിനെ വീണ്ടും സഞ്ചാരികളുടെ പറുദീസയായി പുനരുജ്ജീവിപ്പിക്കുക എന്നത് തന്നെയാണ് ഭീകരതയ്ക്കെതിരെയുള്ള ശക്തമായ മറുപടി.