പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു; ഏറ്റുവാങ്ങി മന്ത്രി പി. പ്രസാദ്

വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെ ഇടപ്പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കും.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു; ഏറ്റുവാങ്ങി മന്ത്രി പി. പ്രസാദ്
Published on


ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ (65) ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിമാനം കൊച്ചി വിമാനത്താവളത്തില്‍ എത്തി. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ജില്ലാ കളക്ടര്‍ ഉമേഷ് എന്നിവര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങി. മുഖ്യമന്ത്രിക്ക് വേണ്ടി കൃഷി മന്ത്രി റീത്ത് സമര്‍പ്പിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹന്നാന്‍, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, എല്‍ദോസ് കുന്നപ്പിള്ളി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരും എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

മൃതദേഹം ആശുപത്രിയിലേക്കായിരിക്കും കൊണ്ടു പോവുക. നാളെയും മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിച്ച ശേഷം വെള്ളിയാഴ്ചയായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെ ഇടപ്പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇതിന് ശേഷം ഒന്‍പതരയോട് കൂടി ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് 12 മണിയോടെ സംസ്‌കാരം നടക്കും.

എറണാകുളം ഇടപ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്‍. ജമ്മു കശ്മീരിലേക്ക് ഭാര്യയ്ക്കും മകള്‍ക്കും കൊച്ചു മക്കള്‍ക്കുമൊപ്പമാണ് രാമചന്ദ്രന്‍ പോയത്. ഭീകരാക്രമണത്തില്‍ മകളുടെ മുന്നില്‍ വെച്ചാണ് രാമചന്ദ്രന് വെടിയേല്‍ക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com