പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാ വീഴ്ചയുണ്ടായെന്ന് രാജീവ് ചന്ദ്രശേഖർ; 'കേന്ദ്രം വിശദമായി പരിശോധിക്കും'

'സിപിഐഎമ്മിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മറുപടി കണ്ടു. വിഷയത്തില്‍ അവർ നടത്തുന്നത് പ്രീണന ശ്രമങ്ങളാണ്'
പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാ വീഴ്ചയുണ്ടായെന്ന് രാജീവ് ചന്ദ്രശേഖർ; 'കേന്ദ്രം വിശദമായി പരിശോധിക്കും'
Published on
Updated on


പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സുരക്ഷാ വീഴ്ച എങ്ങനെ ഉണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജമ്മു കശ്മീര്‍ സുരക്ഷ നോക്കുന്നത് ഏറ്റവും മികച്ച സെക്യൂരിറ്റി എക്‌സ്‌പേര്‍ട്ട്‌സ് ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

വിഷയത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും നടത്തുന്നത് പ്രീണന ശ്രമങ്ങളാണ്. സിപിഐഎമ്മിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മറുപടി കണ്ടു. അവര്‍ പാകിസ്ഥാന്‍ ഭീകരവാദികളെ പിന്തുണയ്ക്കുകയാണോ എന്ന് ചോദിച്ച രാജീവ് ചന്ദ്രശേഖര്‍ ഇത്തരം സമയങ്ങളില്‍ ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ നടത്തരുതെന്നും പറഞ്ഞു.

'ജമ്മു കശ്മീരില്‍ സുരക്ഷ നോക്കുന്നത് ഏറ്റവും കഴിവുള്ള ആര്‍മിക്കാരും ജമ്മു കശ്മീര്‍ പൊലീസും ബിഎസ്എഫും സിഐഎസ്എഫും സിആര്‍പിഎഫുമൊക്കെയാണ്. ഇവിടെ ഇരുന്ന് വി.ഡി. സതീശനും റോബര്‍ട്ട് വാദ്രയും എം.എ. ബേബിയും ഒക്കെ പ്രതികരിക്കുന്നു. അത്ര സുരക്ഷാ വിദഗ്ധരാണെങ്കില്‍ അവിടെ പോകട്ടെ. യൂണിഫോം കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഇവിടെ എസി റൂമിലിരുന്ന് വിദഗ്ധരാകാന്‍ ശ്രമിക്കരുത്. അവിടെ ഉള്ള പട്ടാളക്കാരെയും പൊലീസുകാരെയും അംഗീകരിക്കുകയും അവര്‍ക്ക് പിന്തുണ കൊടുക്കുകയും ചെയ്യുക. ഭീകരാവദത്തിനെതിരെ ഒരുമിച്ച് നില്‍ക്കുക എന്നതാണ് ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെങ്കില്‍ ചെയ്യാനാവുന്നത്,' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഈ സമയത്ത് റോബര്‍ട്ട് വാദ്ര ആര്‍ട്ടിക്കിള്‍ 370നെ സംബന്ധിച്ചുള്ള വിദഗ്ധനാവുക, എംഎ ബേബി കൗണ്ടര്‍ ടെററിസത്തിന്റെ വക്താവാകുക, വി.ഡി. സതീശന്‍ ഇതെല്ലാം മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന് പറയുക, ഇതൊന്നും വേണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചു. പാകിസ്ഥാന് ഇന്ത്യ മറുപടി കൊടുക്കണം. ഇതില്‍ പ്രീണന രാഷ്ട്രീയം കൊണ്ടു വരാന്‍ പാടില്ല. സിപിഐഎമ്മും കോണ്‍ഗ്രസും ഇത് മനസിലാക്കി ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളെ പിന്തുണക്കണം എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സാധാരണക്കാരെ കൊല്ലുന്നതൊന്നും അങ്ങനെ വെറുതെവിടാന്‍ പാടില്ല.

ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടാവുന്നത്. വിനോദ സഞ്ചാരികളായ 25 പേരും ആക്രമണം തടയാന്‍ ശ്രമിച്ച കശ്മീരി യുവാവുമാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ പഹല്‍ഗാമിലെ ബൈസാരന്‍ താഴ്‌വരയിലാണ് ഭീകരര്‍ അക്രമം അഴിച്ചുവിട്ടത്.

പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രാധനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്. ഇന്ത്യയിലെ പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് 48 മണിക്കൂര്‍ മാത്രമാണ് രാജ്യം വിടാന്‍ സമയം നല്‍കിയിരിക്കുന്നത്. ഇനി പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ലെന്നും വ്യക്തമാക്കിയ രാജ്യം സിന്ദു നദീജല കരാറും റദ്ദാക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com