നിലവിലെ സാഹചര്യവും ഓഹരി വിപണിയുടെ തകർച്ചയും നേരിടുന്ന സാഹചര്യത്തിലാണ് സഹായം അഭ്യർഥിക്കുന്നതെന്നും പാകിസ്ഥാൻ സർക്കാരിന്റെ സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് പോസ്റ്റിൽ പറയുന്നു
ഇന്ത്യ- പാക് സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലെത്തി നിൽക്കെ സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പാകിസ്ഥാൻ. നേരത്തെ ലോകരാജ്യങ്ങളോട് സഹായം അഭ്യർഥിച്ച പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയാണ് സംഭവമെന്നാണ് പാക് വാദം. അതേസമയം, എക്സ് അക്കൗണ്ട് സ്വിച്ച് ഓഫ് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സാമ്പത്തിക കാര്യ മന്ത്രാലയം റോയിട്ടേഴ്സിനോട് പറഞ്ഞതായി ഇൻഡ്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ലോകരാജ്യങ്ങളോട് സഹായം അഭ്യർഥിച്ച പാകിസ്ഥാൻ്റെ എക്സ് പോസ്റ്റ് നേരത്തെ പുറത്തുവന്നിരുന്നു. ലോക രാജ്യങ്ങളോട് പാകിസ്ഥാൻ കൂടുതൽ വായ്പ ആവശ്യപ്പെട്ടുകൊണ്ടുള്ള എക്സ് പോസ്റ്റാണ് പുറത്തുവന്നത്. നിലവിലെ സാഹചര്യവും ഓഹരി വിപണിയുടെ തകർച്ചയും നേരിടുന്ന സാഹചര്യത്തിലാണ് സഹായം അഭ്യർഥിക്കുന്നതെന്നും പാകിസ്ഥാൻ സർക്കാരിന്റെ സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് പോസ്റ്റിൽ പറയുന്നു.
അതേസമയം, ഇന്ത്യ - പാക് പ്രകോപനം തുടരുന്നതിനിടെ ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട്(ഐഎംഎഫ്) നിർണായക യോഗം ചേരും. വാഷിംഗ്ടണിലാണ് യോഗം ചേരുക. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് 1.3 ബില്യൺ ഡോളർ വായ്പ നൽകുന്നത് സംബന്ധിച്ച ചർച്ചകൾ യോഗത്തിൽ നടക്കും. യോഗത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കും. പാകിസ്ഥാന് നൽകുന്ന വായ്പകൾ പുനഃപരിശോധിക്കണമെന്നാണ് ഇന്ത്യ ഉയർത്തുന്ന ആവശ്യം.
ALSO READ: ഐഎംഎഫിൻ്റെ നിർണായക യോഗം ഇന്ന്; പാകിസ്ഥാനുള്ള വായ്പകൾ പുനഃപരിശോധിക്കണമെന്ന് ഇന്ത്യ
പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും യോഗത്തിൽ ഇന്ത്യ ഉയർത്തും. ഇന്ന് നടക്കുന്ന യോഗത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. "ഐഎംഎഫിൽ ഇന്ത്യക്ക് ഒരു എക്സിക്യൂട്ടീവ് ഡയറക്ടർ ഉണ്ട്. വെള്ളിയാഴ്ച ഐഎംഎഫിന്റെ ബോർഡ് യോഗം ചേരും. ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ രാജ്യത്തിൻ്റെ നിലപാട് മുന്നോട്ട് വെയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," വിക്രം മിശ്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഐഎംഎഫ് നൽകുന്ന വായ്പകൾ പാകിസ്ഥാൻ ആസ്ഥാനമായുള്ള സംഘടനകൾ കള്ളപ്പണം വെളുപ്പിക്കലിനും, ഭീകരവാദ ധനസഹായത്തിനും ഉപയോഗിച്ചേക്കുമെന്ന ആശങ്ക യോഗത്തിൽ ഇന്ത്യ പങ്കുവെക്കും.
അതേസമയം അതിർത്തി പ്രദേശങ്ങളിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന് സജ്ജമാകുകയാണ് ഇന്ത്യ. രാജ്യത്ത് ഉടനീളം സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണ സാധ്യത കണക്കിലെടുത്ത് പഞ്ചാബിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്.
ALSO READ: ജയ്‌സാൽമീറിൽ ബിഎസ്എഫ് ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം; പാക് ഡ്രോൺ വെടിവച്ച് വീഴ്ത്തി ഇന്ത്യൻ സൈന്യം
എല്ലാവരും വീടുകളിൽ കഴിയണമെന്നും, ലൈറ്റുകൾ തെളിയിക്കരുതെന്നും ജനാലകൾക്കരികിൽ നിൽക്കരുതെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അമൃത്സർ ഡിപിആർഒയുടെ നിർദേശത്തിൽ പറയുന്നു. പ്രദേശത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.