ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: യുവസ്ഥാനാര്‍ഥിയെ പരിഗണിക്കാനൊരുങ്ങി സിപിഎം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷമായിരിക്കും ഇടതു മുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക
Published on

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുവസ്ഥാനാര്‍ഥിയെ പരിഗണിക്കാനൊരുങ്ങി സിപിഎം. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫിനെ പാലക്കാടേക്ക് പരിഗണിക്കുന്നതായി സൂചന. വസീഫിനോട് പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാർട്ടി നിര്‍ദേശിച്ചതായും സൂചനയുണ്ട്.

അടിത്തറ നഷ്ടപ്പെട്ട പാലക്കാട് നിയോജക മണ്ഡലത്തിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് സിപിഎം. ഓരോ തെരഞ്ഞെടുപ്പുകളിലും വോട്ട് വിഹിതം കുറഞ്ഞുവരുന്ന പാലക്കാട്, മികച്ച സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് എൽഡിഎഫിൻ്റെ ശ്രമം. യുവനേതാവും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻ്റുമായ വി വസീഫിനെ പാലക്കാടേക്ക് പരിഗണിക്കുന്നതായാണ് വിവരം.

2011ല്‍ ഷാഫി പറമ്പില്‍ പാലക്കാട് വിജയിച്ചതോടെയാണ് സിപിഎമ്മിന് വലിയ തിരിച്ചടി നേരിട്ടു തുടങ്ങിയത്. 2016ല്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പാലക്കാട് മണ്ഡലത്തിൽ പിന്നീട് മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലായി. 2021ല്‍ ഷാഫിയും മെട്രോമാന്‍ ഇ ശ്രീധരനും ഏറ്റുമുട്ടിയപ്പോള്‍ നോക്കിനില്‍ക്കാന്‍ മാത്രമായിരുന്നു സിപിഎമ്മിന് വിധി. പാലക്കാട് ജില്ലയിലെ 12ല്‍ 10 സീറ്റും എല്‍ഡിഎഫ് നേടുമ്പോഴാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഈ തിരിച്ചടി.

2011ല്‍ 40,238 വോട്ടും 35 ശതമാനം വോട്ട് വിഹിതവും എല്‍ഡിഎഫിനുണ്ടായിരുന്നു. 2016ല്‍ 38,675 വോട്ടും, 2021ല്‍ 36,433 വോട്ടുമാണ് നേടിയത്. 2021 ആകുമ്പോഴേക്ക് വോട്ട് വിഹിതം 35ല്‍ നിന്ന് 25 ശതമാനമായി കുറയുകയും ചെയ്തു. ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ വോട്ട് 34,000ത്തിലേക്കും താഴ്ന്നു. ജയിക്കണമെങ്കില്‍ 45,000ത്തിനും 50,000നും ഇടയില്‍ വോട്ട് വേണമെന്നിരിക്കെ എല്‍ഡിഎഫിൻ്റെ അടിത്തറ നഷ്ടമായിട്ടില്ലെന്ന് തെളിയിക്കാനായിരിക്കും ഇത്തവണ ശ്രമം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് തിരിച്ചടി നേരിട്ടെങ്കിലും വസീഫിനെ പാലക്കാടേക്ക് പരിഗണിക്കാനാണ് സിപിഎം ആലോചിക്കുന്നത്. ജനകീയനാണെന്നതും, യുവാക്കള്‍ക്കിടയിലെ സ്വീകാര്യതയും സാധ്യത വര്‍ധിപ്പിക്കുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പിന്തുണ വസീഫിൻ്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ലഭിക്കുമെന്നും സിപിഎം കണക്ക് കൂട്ടുന്നു.

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷമായിരിക്കും ഇടതു മുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. സിപിഎമ്മുമായി നിരന്തരം ഏറ്റുമുട്ടുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍ എംഎല്‍എ വിടി ബല്‍റാം എന്നിവരിൽ ഒരാളാകും യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തുക. ബിജെപിയും ഇത്തവണ ഏറ്റവും മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് ആലോചിക്കുന്നത്. ഷാഫിയുടെ വിജയത്തിന് സിപിഎമ്മിൻ്റെ വോട്ടുകളും ലഭിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമായിരിക്കെ ഇടത് മുന്നണിക്ക് വേണ്ടി ശക്തനായ സ്ഥാനാര്‍ഥി വരുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. 2021ല്‍ 3800ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി പാലക്കാട് നിന്ന് ജയിച്ചത്. സിപിഎമ്മും കോൺഗ്രസും പരസ്പരം പോരടിച്ചാല്‍ അത് ഗുണം ചെയ്യുക ബിജെപിക്കായിരിക്കും.

News Malayalam 24x7
newsmalayalam.com