
നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചർച്ചകളിലേക്ക് കടന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. വിജയ സാധ്യത ഉള്ള സ്ഥാനാർഥികൾക്ക് ഉപതെരഞ്ഞെടുപ്പിൽ മുൻഗണന നൽകണമെന്നാണ് പൊതു വിലയിരുത്തൽ. ചേലക്കരയിൽ യു.ആർ പ്രദീപ് മികച്ച സ്ഥാനാർഥിയാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ സംബന്ധിച്ച് ഉടൻതന്നെ വിജ്ഞാപനം പുറത്തിറങ്ങുമെന്ന സാഹചര്യത്തിലാണ് സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് സിപിഎം കടന്നത്. കെ.രാധാകൃഷ്ണൻ ലോക്സഭയിലേയ്ക്ക് പോയ ഒഴിവിൽ മികച്ച സ്ഥാനാർഥിയെ ചേലക്കരയിൽ മത്സരിപ്പിക്കണമെന്നതാണ് പൊതു താല്പര്യം.
മുൻ എംഎൽഎ യു.ആർ പ്രദീപ് തന്നെ ചേലക്കരയിൽ വീണ്ടും മത്സരിക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. കെ.രാധാകൃഷ്ണന് വേണ്ടി കഴിഞ്ഞ തവണ മത്സരരംഗത്ത് നിന്ന് മാറി നിന്നെന്ന കാര്യവും യു.ആർ പ്രദീപിന് മുൻഗണന നൽകുന്നു. ജില്ലാ കമ്മിറ്റികൾ നൽകിയ പട്ടിക സംസ്ഥാന സെക്രട്ടറി പരിശോധിച്ചു. സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യതയ്ക്കാകണം മുൻഗണന നൽകേണ്ടതെന്നതും സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന നിർദേശവും നൽകിയിട്ടുണ്ട്.
ചേലക്കര വിജയസാധ്യതയുള്ള മണ്ഡലമാണ്. എന്നാൽ പാലക്കാട് ശ്രദ്ധയോടുകൂടി സ്ഥാനാർഥിയെ തീരുമാനിച്ചാൽ മതിയെന്നാണ് അഭിപ്രായം . ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനുമോളുടെ പേരിനാണ് ഇവിടെ മുൻഗണന. ബിനുമോളുടെ വിജയ സാധ്യത ജില്ല കമ്മറ്റി വീണ്ടും പരിശോധിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി. ഇതനുസരിച്ചു പാലക്കാട് പുതിയ പട്ടിക സമർപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം നൽകി. ബിജെപി പാലക്കാട് മണ്ഡലത്തില്‍ വിജയത്തിന് ശ്രമിക്കുമെന്ന ചിന്തയോടു കൂടി മികച്ച സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കാനാണ് സിപിഎം തീരുമാനം.ഷാഫി പറമ്പില്‍ ഉണ്ടാക്കിയ ജനസ്വാധീനം നിലവില്‍ പരിഗണിക്കപ്പെടുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഇല്ലെന്നും സിപിഎം വിലയിരുത്തി.