പാലക്കാട് മദ്യനിർമാണശാല: ഒയാസിസ് കമ്പനി നടത്തിയ ഭൂമിയിടപാടിൽ തട്ടിപ്പെന്ന് പരാതി

മദ്യ കമ്പനി സ്ഥലം വാങ്ങിയെന്ന വാർത്തകൾ വന്നപ്പോഴാണ് സ്ഥലം നഷ്ടമായ വിവരം അറിയുന്നതെന്നാണ് പരാതിക്കാർ പറയുന്നത്
പാലക്കാട് മദ്യനിർമാണശാല: ഒയാസിസ് കമ്പനി നടത്തിയ ഭൂമിയിടപാടിൽ തട്ടിപ്പെന്ന് പരാതി
Published on

പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണശാല തുടങ്ങാൻ ഒയാസിസ് കമ്പനി നടത്തിയ ഭൂമിയിടപാടിൽ തട്ടിപ്പ് നടന്നതായി പരാതി. കമ്പനി വാങ്ങിയ ഭൂമിയിൽ ഒന്നരയേക്കർ സ്ഥലം ഉടമകളറിയാതെയാണ് ഇടനിലക്കാർ വിൽപ്പന നടത്തിയതെന്നാണ് പരാതി.എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനി മദ്യനിർമാണശാലയ്ക്കായി വാങ്ങിയത്. എന്നാൽ ഇതിലെ ഒന്നരയേക്കർ ഭൂമി വിൽപ്പന നടന്നത് ഉടമകളിയാതെയാണെന്നാണ് പരാതി. എലപ്പുള്ളി സ്വദേശികളായ ആറു - പാറു ദമ്പതികളുടെ മക്കളാണ് കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

വർഷങ്ങളായി ഉപയോഗിച്ചു വന്ന ഭൂമിയാണ് നഷ്ടമായതെന്നാണ് പരാതിക്കാ‍ർ പറയുന്നത്. ഇടനിലക്കാർ കബളിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി. ഇവരുടെ മാതാപിതാക്കളുടെ കൈവശമുണ്ടായിരുന്ന ഭൂമിയിൽ ഏറെക്കാലം കൃഷി ചെയ്തിരുന്നു. എന്നാൽ ജലക്ഷാമം കാരണം കൃഷി ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. മദ്യ കമ്പനി സ്ഥലം വാങ്ങിയെന്ന വാർത്തകൾ വന്നപ്പോഴാണ് സ്ഥലം നഷ്ടമായ വിവരം അറിയുന്നതെന്നാണ് പരാതിക്കാർ പറയുന്നത്. സംഭവത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറിക്ക് സ്ഥലം ഏറ്റെടുക്കാന്‍ ഒയാസിസ് കമ്പനിക്ക് ഇടനിലക്കാരനായതായി കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തിയിരുന്നു. എലപ്പുള്ളി പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് പുതുശ്ശേരി ബ്ലോക്ക് സെക്രട്ടറിയുമായ അപ്പുക്കുട്ടനാണ് ഇടനിലക്കാരനായത്. അഞ്ച് പേരില്‍ നിന്നായി 22 ഏക്കര്‍ ഭൂമിയാണ് വാങ്ങി നല്‍കിയതെന്ന് അപ്പുക്കുട്ടന്‍ പറഞ്ഞു. മദ്യക്കമ്പനിയ്ക്കാണ് സ്ഥലമെന്ന് അറിയില്ലായിരുന്നുവെന്നും അപ്പുക്കുട്ടന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. 2022ലാണ് സ്ഥലം വാങ്ങി നല്‍കിയത്. ഒരു ഏക്കറിന് 20-25 ലക്ഷം വരെ വില നല്‍കിയിരുന്നുവെന്നും അപ്പുക്കുട്ടന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com