പാലക്കാട് പുതിയ വ്യവസായ സ്മാർട്ട് സിറ്റി; ചെലവ് 3,806 കോടി; 12 പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര ക്യാബിനറ്റ്

ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിക്ക് (എൻഐസിഡിപി) കീഴിൽ 28,602 കോടി രൂപയുടെ 12 പുതിയ പദ്ധതി നിർദേശങ്ങൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്
പാലക്കാട് പുതിയ വ്യവസായ സ്മാർട്ട് സിറ്റി; ചെലവ് 3,806 കോടി; 12 പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര ക്യാബിനറ്റ്
Published on

പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് 12 പുതിയ വ്യവസായ സ്മാർട്ട് സിറ്റികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രം. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭ യോഗത്തിന്‍റെയാണ് തീരുമാനം. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിക്ക് (എൻഐസിഡിപി) കീഴിൽ 28,602 കോടി രൂപയുടെ 12 പുതിയ പദ്ധതി നിർദേശങ്ങൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്.

പാലക്കാട് പുതുശേരിയിലാണ് വ്യവസായ നഗരം ആരംഭിക്കുന്നത്. 3,806 കോടി മുതല്‍മുടക്കില്‍ കൊച്ചി- സേലം പാതയിലാണ് വ്യവസായ നഗരം സ്ഥാപിക്കുന്നത്. 1710 ഏക്കറിൽ ആണ് നഗരം സ്ഥാപിക്കുക. പദ്ധതിയിലൂടെ 51,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് സർക്കാർ കരുതുന്നത്. വ്യവസായ നഗരത്തിനായി 8729 കോടിയുടെ നിക്ഷേപം ആണ് പ്രതീക്ഷിക്കുന്നത് . മരുന്ന്, കെമിക്കൽസ്, റബർ, ധാതുക്കൾ തുടങ്ങിയ മേഖലകളിൽ വ്യവസായ യൂണിറ്റുകൾ നഗരത്തിൽ ഉണ്ടാകും . ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള വിഷയങ്ങൾ സംസ്ഥാന സർക്കാർ ആണ് പരിഹരിക്കേണ്ടത് എന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി .

പുതിയ വ്യാവസായിക നഗരങ്ങൾ ആഗോള നിലവാരത്തിലുള്ള ഗ്രീൻഫീൽഡ് സ്മാർട്ട് സിറ്റികളായി വികസിപ്പിക്കാനാണ് തീരുമാനം. 'പ്ലഗ്-ആൻഡ് -പ്ലേ', 'വാക്ക്-ടു-വർക്ക്' എന്നീ ആശയങ്ങളിലൂന്നിയായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിലൂടെ സുസ്ഥിരവും കാര്യക്ഷമവുമായ വ്യാവസായിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ഈ നഗരങ്ങളിൽ സജ്ജമാക്കാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത് .


ഇന്ത്യൻ റെയിൽവേയിൽ രണ്ട് പുതിയ ലൈനുകൾക്കും ഒരു മൾട്ടി-ട്രാക്കിംഗ് പ്രോജക്റ്റിനും ഇന്ന് ചേർന്ന ക്യാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട് .ഈ പദ്ധതികളുടെ ആകെ ചെലവ് 6,456 കോടി രൂപയാണ്. 2028-29 സാമ്പത്തിക വർഷത്തിൽ പദ്ധതി പൂർത്തിയാകും. 234 നഗരങ്ങളിൽ കൂടി സ്വകാര്യ എഫ്എം ചാനലുകൾക്ക് അനുമതി നൽകി. ഇതിനായി 730 ചാനലുകൾ ലേലം ചെയ്യും . കേരളത്തിൽ രണ്ട് ചാനലുകൾക്കാണ് അനുമതി നൽകിയത്. കാഞ്ഞങ്ങാട്ടും,  പാലക്കാടും ആണ് പുതിയ എഫ്എം സ്റ്റേഷനുകൾ വരുന്നത്. വടക്ക് കിഴക്കൻ മേഖലയിൽ ജല വൈദ്യുത പദ്ധതിക്കും അനുമതി നല്‍കിയിട്ടുണ്ട് . കേന്ദ്രസർക്കാരിൻ്റെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടേയും സാമ്പത്തിക പങ്കാളിത്തത്തോടെയാണ് പദ്ധതി .

Related Stories

No stories found.
News Malayalam 24x7
newsmalayalam.com