പ്രശ്നത്തിൽ എൽഡിഎഫിനുണ്ടായിരുന്ന മേൽക്കൈ നഷ്ടടപ്പെടുത്താൻ കൃഷ്ണദാസിന്റെ പ്രതികരണം കാരണമായെന്നാണ് നേതാക്കളുടെ വിലയിരുത്തൽ
പാലക്കാട്ടെ ട്രോളി ബാഗ് വിവാദത്തിൽ പാർട്ടിയെ വെട്ടിലാക്കിയ എൻ. എൻ. കൃഷ്ണദാസിനെതിരെ അമർഷം ശക്തം. പ്രശ്നത്തിൽ എൽഡിഎഫിനുണ്ടായിരുന്ന മേൽക്കൈ നഷ്ടടപ്പെടുത്താൻ കൃഷ്ണദാസിന്റെ പ്രതികരണം കാരണമായെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് ശേഷം കൃഷ്ണദാസിനെതിരെ നടപടി വേണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെടും. എൻ എൻ കൃഷ്ണദാസും സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും തമ്മിലുള്ള ശീതസമരം പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ പോലും ബാധിക്കുന്ന തരത്തിലേക്ക് വളർന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
ALSO READ: ട്രോളി വിവാദത്തില്‍ നേതൃത്വത്തെ വെട്ടിലാക്കി എന്‍.എന്‍. കൃഷ്ണദാസ്; തള്ളി ജില്ലാ നേതൃത്വം
ട്രോളി ബാഗ് വിഷയത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ യുഡിഎഫ് സ്ഥാനാർഥിയെ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞുവെന്നായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തൽ. എന്നാൽ പെട്ടി വലിച്ചെറിഞ്ഞ്, ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് എൻ. എൻ. കൃഷ്ണദാസ് പറഞ്ഞതോടെ പാർട്ടി വെട്ടിലായെന്നാണ് നേതാക്കൾ വിലയിരുത്തുന്നു. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ടെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും, കഴിഞ്ഞ രണ്ടു ദിവസവും ട്രോളി ബാഗ് തന്നെയായിരുന്നു പ്രചാരണ വിഷയം.
ഇതാണ് കൃഷ്ണദാസിനെ പ്രകോപിപ്പിച്ചത്. ഇതിന് പുറമെ ക്യാമ്പയിന് നേതൃത്വം നൽകുന്ന ഇ. എൻ. സുരേഷ് ബാബുവുമായുള്ള ശീതസമരം പൊട്ടിത്തെറിക്ക് കൂടി കാരണമായി. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തേക്ക് പോയ സിപിഎമ്മിനെ കരകയറ്റാനുള്ള ശ്രമം നടക്കുമ്പോൾ കൃഷ്ണദാസിന്റെ പ്രതികരണം അതിനെല്ലാം തിരിച്ചടിയായി എന്നാണ് നേതാക്കൾ പറയുന്നത്. അതുകൊണ്ട് തന്നെ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ കൃഷ്ണദാസിനെതിരെ ജില്ലാ നേതൃത്വം നടപടി ആവശ്യപ്പെടും. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വം ഇക്കാര്യം പരിഗണിക്കുമെന്നാണ് ജില്ലാ നേതാക്കളുടെ പ്രതീക്ഷ.