18 വർഷമെടുത്ത് കോടികൾ മുടക്കി നിർമിച്ച പദ്ധതിയിലൂടെ ലക്ഷ്യപ്രാപ്തി ഉണ്ടായില്ല എന്ന് മാത്രമല്ല, അതിലൂടെ കെഎസ്ഇബിക്ക് വലിയ ധനനഷ്ടവുമാണ് ഉണ്ടായത്
60 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍ പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കാനാകുന്നത് 35 മെഗാ വാട്ടിൽ താഴെ മാത്രം. ടണൽ മുഖത്തെ ഡിസൈനിൽ ഉണ്ടായ പാളിച്ചയാണ് വൈദ്യുതി ഉൽപ്പാദനം കുറയാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരടക്കം വെളിപ്പെടുത്തുന്നത്. 18 വർഷമെടുത്ത് കോടികൾ മുടക്കി നിർമിച്ച പദ്ധതിയിലൂടെ ലക്ഷ്യപ്രാപ്തി ഉണ്ടായില്ല എന്ന് മാത്രമല്ല, അതിലൂടെ കെഎസ്ഇബിക്ക് വലിയ ധനനഷ്ടവുമാണ് ഉണ്ടായത്.
ALSO READ: കെ. സുധാകരൻ്റെ പ്രസ്താവനയിൽ അടിതെറ്റി കോൺഗ്രസ് നേതൃത്വം; പരസ്യ മറുപടി വേണ്ടെന്ന് തീരുമാനം
ഏഷ്യയിലെ തന്നെ ആദ്യ ജലവൈദ്യുത പദ്ധതികളിൽ ഒന്നാണ് 85 വർഷം പഴക്കമുള്ള പള്ളിവാസൽ പദ്ധതി. മൂന്നാറിലെ ഹെഡ്‌വര്‍ക്‌സ് ഡാം കവിഞ്ഞൊഴുകുന്ന ജലം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാനായാണ് പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍ പദ്ധതിക്ക് രൂപം നൽകിയത്. മൂന്നാര്‍ മുതിരപുഴയില്‍ നിന്നുള്ള വെള്ളം നേരിട്ട് കടത്തിവിട്ട് 60 മെഗാ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. പുഴയിലെ വെള്ളം നേരിട്ട് കടത്തിവിടുന്ന രീതിയിലാണ് ടണൽ തയ്യാറാക്കിയതും. എന്നാൽ പുഴയിലെ മാലിന്യം അടിഞ്ഞ് വെള്ളം പൂർണ ശക്തിയിൽ പെൻസ്റ്റോക്ക് പൈപ്പിലേക്ക് എത്തുന്നില്ല. ഇതുകാരണം വൈദ്യുതി ഉത്പാദിപ്പിക്കേണ്ട ജനറേറ്ററുകള്‍ പൂര്‍ണ തോതില്‍ പ്രവർത്തിക്കാൻ സാധിക്കുന്നില്ല. മാലിന്യ അടിയാനുള്ള സാധ്യത മുൻകൂട്ടി കണ്ട് 500 മീറ്റർ റിവേഴ്സ് ഫ്ലോയ്ക്കുള്ള സംവിധാനം കൂടി ടണലിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ലക്ഷ്യമിട്ട 60 മെഗാ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാമായിരുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ 35 മെഗാ വാട്ടിൽ താഴെ വൈദ്യുതി മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കാനാകുന്നത്.
മഴക്കാലമായാല്‍ പുഴയിലെ മാലിന്യത്തിന്റെ അളവ് വർധിക്കുന്നതോടൊപ്പം തടികളും മരങ്ങളും ടണൽ മുഖത്ത് വന്നടിയും. ഇത്തരത്തിൽ തടികളടക്കം വന്നടിഞ്ഞാൽ വെള്ളത്തിന്റെ ഒഴുക്ക് കുറയുകയും വൈദ്യുതി ഉൽപ്പാദനം ഗണ്യമായി കുറയാനുള്ള സാധ്യയും ഏറെയാണ്.
ALSO READ: ആശങ്കയൊഴിയാതെ കാളികാവ്; നരഭോജി കടുവയ്ക്കായി തെരച്ചിൽ ഊർജിതം
2006ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് എക്സ്റ്റൻഷൻ പദ്ധതി നിർമാണം പൂർത്തിയാകുന്നത്. 2006 ഡിസംബര്‍ 26ന് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന എ.കെ. ബാലനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 268.01 കോടി രൂപ നിർമാണ ചെലവ് പ്രതീക്ഷിച്ച നിർമാണം ആരംഭിച്ച പദ്ധതിക്ക് ഇതുവരെ മുടക്കിയത് 600 കോടിയിലേറെ രൂപയാണ്. ടണൽ മുഖത്തെ ഡിസൈനിന്റെ പാളിച്ച പരിഹരിക്കാൻ ഇനിയും 50 കോടിയുടെ നിർമാണം വേണ്ടിവരും. പുതിയ പെന്‍സ്റ്റോക്കുമായി ബന്ധിപ്പിച്ച് പഴയ പള്ളിവാസല്‍ പവര്‍ ഹൗസിന്റെ ശേഷി കൂട്ടാനുള്ള പദ്ധതിയും ഇതോടെ നിര്‍ത്തിവെച്ച അവസ്ഥയിലാണ്. 2010ല്‍ തുടക്കംകുറിച്ച കുറ്റ്യാടി അഡീഷണൽ എക്‌സ്റ്റെന്‍ഷന് ശേഷം സംസ്ഥാനത്ത് കമ്മീഷനിംഗിന് തയ്യാറായ ഏറ്റവും വലിയ പദ്ധതിയാണ് പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍.