തുപ്പനാട് ജുമാ മസ്ജിദിനു സമീപത്തെ ഓഡിറ്റോറിയത്തില്‍ രാവിലെ 8 മുതല്‍ 10 വരെ പൊതുദര്‍ശനം നടക്കും
പനയമ്പാടത്തില്‍ സിമന്റ് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാല് കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മതപരമായ ചടങ്ങുകള്‍ക്കു ശേഷം മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. നാളെ (വെള്ളി) രാവിലെ അഞ്ച് മണിക്ക് കുട്ടികളുടെ വീടുകളിലേക്ക് മൃതദേഹം എത്തിക്കും.
കുട്ടികള്‍ പഠിച്ചിരുന്ന കരിമ്പ സ്‌കൂളിന് നാളെ അവധി നല്‍കിയിട്ടുണ്ട്. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായും പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകില്ല. തുപ്പനാട് ജുമാ മസ്ജിദിനു സമീപത്തെ ഓഡിറ്റോറിയത്തില്‍ രാവിലെ 8 മുതല്‍ 10 വരെ പൊതുദര്‍ശനം നടക്കും. ജുമാ നമസ്‌കാരത്തിനു മുമ്പ് 12 മണിയോടെ ഖബറടക്കം നടക്കും.
Also Read: നാടിന്റെ നോവായി ഇര്‍ഫാന, മിത, റിദ, ആയിഷ; അപകടത്തിന് കാരണം സിമന്റ് ലോറിയുടെ അമിവേഗതയെന്ന് നാട്ടുകാര്‍
പള്ളിപ്പുറം ഹൗസിലെ അബ്ദുല്‍ സലാം- ഫാരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറിന്‍, പട്ടേത്തൊടിയില്‍ അബ്ദുല്‍ റഫീഖ്-ജസീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ, കവളങ്ങല്‍ ഹൗസിലെ അബ്ദുല്‍ സലീം- നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ, അത്തിക്കല്‍ ഹൗസിലെ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ ഐഷ എന്നിവരാണ് ഇന്ന് വൈകിട്ടോടെയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് നാല് പേരും. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്.
അതേസമയം, വിദ്യാര്‍ഥനികളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. വഴിക്കടവ് സ്വദേശി പ്രജീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട്ടേക്ക് പോയ ലോറി ഇടിച്ചതാണ് സിമന്റ് ലോറി മറിയാന്‍ കാരണം എന്നാണ് കണ്ടെത്തല്‍. അപകടത്തില്‍ ഒരു പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
Also Read: നാല് കുട്ടികളുടെ ജീവന്‍ പൊലിഞ്ഞത് സ്ഥിരം അപകടമേഖലയില്‍; കല്ലടിക്കോട് പ്രതിഷേധവുമായി നാട്ടുകാര്‍
കുട്ടികളുടെ ദേഹത്ത് മറിഞ്ഞ് സിമന്റ് ലോറിയില്‍ പ്രജീഷ് ഓടിച്ച ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സിമന്റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്ന് ആര്‍ടിഒ അറിയിച്ചു. ബ്രേക്ക് ചവിട്ടി നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
സിമൻ്റ് ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റ് ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.