
തിരുവനന്തപുരം പാപ്പനംകോട് നടന്ന തീപിടിത്തം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. കത്തിക്കാൻ ഉപയോഗിച്ച ഇന്ധനത്തിൻ്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. കൃത്യം നടത്തിയത് വൈഷ്ണയുടെ രണ്ടാം ഭർത്താവ് വിനുകുമാർ തന്നെയാകാമെന്നാണ് പൊലീസ് നിഗമനം. മരിച്ചത് വിനുകുമാർ ആണോയെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. നേരത്തെ ഓഫീസിൽനിന്ന് പൊലീസ് കത്തി കണ്ടെടുത്തിരുന്നു.
ആദ്യം ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തമെന്നു കരുതിയെങ്കിലും, പാപ്പനംകോട് നടന്നത് ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. സാഹചര്യ തെളിവുകൾ പ്രകാരം കൃത്യം നടത്തിയത് കൊല്ലപ്പെട്ട വൈഷ്ണയുടെ രണ്ടാം ഭർത്താവ് വിനുകുമാർ തന്നെയെന്നാണ് നിഗമനം. രാവിലെ വീട്ടിൽ നിന്നിറങ്ങിയ വിനുകുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. വൈഷ്ണയ്ക്കൊപ്പം മരിച്ചത് വിനുകുമാർ തന്നെയെന്നാണ് നിഗമനം. എങ്കിലും ഡിഎൻഎ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.
വൈഷ്ണയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തി എന്നാണ് സംശയിക്കുന്നത്. ഓഫീസിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കത്തിയും കണ്ടെത്തി. രക്ഷാപ്രവർത്തനത്തിനിടെ ചുവരിൽ രക്തത്തുള്ളികൾ കണ്ടിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞിരുന്നു. ഫോറൻസിക് പരിശോധനയിൽ കത്തിക്കാൻ ഉപയോഗിച്ച ഇന്ധനത്തിന്റെ സാന്നിധ്യവും ലഭിച്ചു. ഇതിലൂടെ പെട്ടെന്നുണ്ടായ പ്രകോപനമല്ല കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോട് ജംഗ്ഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പോർട്ടൽ ഓഫീസിൽ തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ ഒരു പുരുഷന്‍ ഓഫീസിലെത്തി പ്രശ്നമുണ്ടാക്കിയെന്ന് ദൃക്സാക്ഷി മൊഴി നല്‍കിയിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് തീപിടിത്തം ഉണ്ടായത്.