
തൃശൂർ പൂര വിവാദത്തിൽ വനം വകുപ്പിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ. പൂരം കലക്കിയതിന് പിന്നിലുള്ള വനം വകുപ്പ് ഗൂഢാലോചനകൾ അന്വേഷിക്കണമെന്നാണ് പരാതി. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ എസ് അരുൺ, വനം വകുപ്പ് ഗവൺമെന്റ് പ്ലീഡർ നാഗരാജ് നാരായണൻ എന്നിവരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം.
അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിച്ച നാട്ടാന പരിപാലന ചട്ടങ്ങളുടെ കരട് ഭേദഗതി പിൻവലിക്കണം , 2012 ലെ ചട്ടങ്ങൾ പുനസ്ഥാപിക്കണം , വനം വകുപ്പ് പ്ലീഡറെ തൽസ്ഥാനത്ത് നിന്ന് നീക്കണം തുടങ്ങിയ ആവശ്യങ്ങളും പരാതിയിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് സംയുക്തമായാണ് ഇരു ദേവസ്വങ്ങളും പരാതി നൽകിയത്.
കഴിഞ്ഞ ദിവസം പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകുന്നതിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. തുടർച്ചയായി സമയം നീട്ടി ചോദിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു.