
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിനു പിന്നാലെ റവന്യൂ ഉദ്യോഗസ്ഥരുടെ കൂട്ട അവധി ഉദ്യോഗസ്ഥർ ഒരുമിച്ചെടുത്ത തീരുമാനമെന്ന് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ. ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. നവീൻ ബാബു ജോയിൻ ചെയ്യേണ്ടിയിരുന്നത് ഇന്നലെയായിരുന്നുവെന്നും ഔദ്യോഗികമായി ബോർഡറിൽ പോയി മൃതദേഹം ഏറ്റുവാങ്ങുന്ന കാര്യം ആലോചിക്കുമെന്നും കളക്ടർ പറഞ്ഞു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയുടെ ആരോപണത്തിനു പിന്നാലെയാണ് എഡിഎമ്മിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുകയായിരന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നാണ് ആരോപണം.
എഡിഎമ്മിൻ്റെ മരണത്തിനു പിന്നാലെ കാരണക്കാരായവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. എൻഒസിക്ക് അപേക്ഷ നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിനുൾപ്പെടെ ഷെയർ ഉള്ളതാണെന്നും, പ്രശാന്തൻ ബിനാമിയാണെന്നും ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് പറഞ്ഞു. എം.വി. ജയരാജൻ പുലർച്ചെ ആംബുലൻസ് വഴി തിരിച്ചുവിട്ട് റോഡിൽ കാത്തുനിന്നവരെ കബളിപ്പിച്ചെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.