"നിങ്ങൾക്ക് ബിഷപ്പായിരിക്കാം, എന്നാൽ നിങ്ങൾക്കൊപ്പം ഞാനുള്ളത് ഒരു ക്രിസ്ത്യാനിയായാണ്" എന്ന സെയ്ൻ്റ് അഗസ്റ്റിൻ്റെ വചനങ്ങളും അദ്ദേഹം സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ആവർത്തിച്ചു.
അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് ലിയോ പതിനാലാമൻ. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലെ ബാൽക്കണിയിൽ നിറഞ്ഞ പുഞ്ചിരിയോടെയാണ് പുതിയ പാപ്പയെത്തിയത്. ഇരു കൈകളും മുകളിലേക്ക് ഉയർത്തി അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തപ്പോൾ വലിയ കരഘോഷവും ആർപ്പുവിളികളും ഉയർന്നു. പുതിയ സ്ഥാനലബ്ധിയിൽ ഏറെ ആഹ്ളാദവാനായിട്ടാണ് ലിയോ പതിനാലാമൻ കാണപ്പെട്ടത്. "നിങ്ങൾക്ക് ഞാൻ ബിഷപ്പായിരിക്കാം, എന്നാൽ നിങ്ങൾക്കൊപ്പം ഞാനുള്ളത് ഒരു ക്രിസ്ത്യാനിയായാണ്" എന്ന സെയ്ൻ്റ് അഗസ്റ്റിൻ്റെ വചനങ്ങളും അദ്ദേഹം സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ആവർത്തിച്ചു.
"ശാന്തിയും സമാധാനവും നിങ്ങളുടെ ഹൃദയങ്ങളിലും, കുടുംബാംഗങ്ങളിലേക്കും ഉറ്റവരിലേക്കും ചുറ്റുമുള്ളവരിലേക്കും എത്തപ്പെടട്ടെ," എന്നായിരുന്നു ലിയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യവാക്കുകൾ. വിടവാങ്ങിയ പോപ് ഫ്രാൻസിസിനുള്ള അനുശോചനം രേഖപ്പെടുത്തിയ ശേഷം, "ഭയമില്ലാതെ, ദൈവത്തിൻ്റെ കരംപിടിച്ച് ഒത്തൊരുമിച്ച് മുന്നോട്ടുപാകാം," എന്നും പുതിയ മാർപാപ്പ പറഞ്ഞു. ഈ പദവിയിലേക്ക് തന്നെ തെരഞ്ഞെടുത്ത സഹ കർദിനാൾമാർക്കും മാർപാപ്പ നന്ദിയറിയിച്ചു.
അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലിയോ പതിനാലാമൻ. ആഗോളതലത്തിൽ പരമാധികാര സ്വഭാവമുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ പ്രവർത്തിക്കുന്നതിനാൽ അമേരിക്കയിൽ നിന്നുള്ള കർദിനാളുമാരെ മാർപാപ്പമാരായി നേരത്തെ വത്തിക്കാൻ പരിഗണിച്ചിരുന്നില്ല. 2023 മുതലാണ് അമേരിക്കക്കാരെ കർദിനാൾമാരായി പരിഗണിച്ചത്. ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റും ചിക്ലായോയിലെ ആർച്ച് ബിഷപ്പ് എമെറിറ്റസുമായിരുന്നു അദ്ദേഹം.
1955 സെപ്റ്റംബർ 14ന് ചിക്കാഗോയിലെ ഇല്ലിനോയിസിലാണ് ജനിച്ചത്. 1977ൽ സെന്റ് ലൂയിസിലെ ഔവർ ലേഡി ഓഫ് ഗുഡ് കൗൺസിലിന്റെ പരിധിയിലുള്ള ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ (ഒ.എസ്.എ.) യുടെ നോവിഷ്യേറ്റിൽ പ്രവേശിച്ചു. 1981 ഓഗസ്റ്റ് 29ന് വ്രതം സ്വീകരിച്ചു. ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ പഠിച്ച അദ്ദേഹം ദൈവശാസ്ത്രത്തിൽ ഡിപ്ലോമ നേടി.