പരിസ്ഥിതി ലോല മേഖലയിൽ വനേതര ഭൂമിയും; 30 ലക്ഷം ജനങ്ങളെ ബാധിച്ചേക്കും; കോടതിയെ സമീപിക്കാനൊരുങ്ങി ജനപ്രതിനിധികൾ

പരിസ്ഥിതി ലോല മേഖലകൾ നിർണയിക്കുന്നത് സംബന്ധിച്ച വിജ്ഞാപനത്തിൽ പരാതി അറിയിക്കാനുള്ള കാലാവധി നീട്ടാനും വനേതര മേഖല പട്ടികയിൽ നിന്ന് നീക്കം ചെയ്യാനും കോടതിയെ സമീപിക്കാനാണ് തീരുമാനം
പരിസ്ഥിതി ലോല മേഖലയിൽ വനേതര ഭൂമിയും; 30 ലക്ഷം ജനങ്ങളെ ബാധിച്ചേക്കും; കോടതിയെ സമീപിക്കാനൊരുങ്ങി ജനപ്രതിനിധികൾ
Published on

പരിസ്ഥിതി ലോല മേഖലകൾ നിർണയിക്കുന്നത് സംബന്ധിച്ച വിജ്ഞാപനത്തിൽ പരാതി അറിയിക്കാനുള്ള കാലാവധി ആറുമാസം കൂടി നീട്ടണമെന്ന് ആവശ്യം. കോഴിക്കോട് ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഈ ആവശ്യമുയർന്നത്. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ വനഭൂമിക്കൊപ്പം വനേതര ഭൂമിയും ഉൾപ്പെട്ടിട്ടുണ്ടെന്നും, മലബാറിൽ മാത്രം 30 ലക്ഷം ജനങ്ങളെ ഇത് ബാധിക്കുമെന്നും യോഗം വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് എം.കെ. രാഘവൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.

പരിസ്ഥിതി ലോല മേഖലയുടെ തരം തിരിക്കൽ സംബന്ധിച്ച വിഷയത്തിൽ ജനങ്ങളുടെ ആശങ്ക ചർച്ച ചെയ്യാനാണ് എം.കെ. രാഘവൻ എംപി കോഴിക്കോട് ജനപ്രതിനിധികളുമായി യോഗം ചേർന്നത്. പഞ്ചായത്തുകൾ കഴിഞ്ഞ മെയ് മാസം നൽകിയ മാപ്പ് പരിഗണിക്കാതെയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയതെന്ന് എം.കെ. രാഘവൻ എംപി പറഞ്ഞു. വനമേഖലയുടെ പരിധിയിൽ ജനങ്ങൾ താമസിക്കുന്ന വനേതര മേഖല കൂടി ഉൾപ്പെടാൻ കാരണം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും സർക്കാർ ഇക്കാര്യത്തിൽ തിരുത്തൽ വരുത്തണമെന്നും എംപി പറഞ്ഞു.

താമരശ്ശേരി രൂപത കാത്തലിക് കോൺഗ്രസ് പ്രസിഡൻ്റ് ഡോ. ചാക്കോ കാളംപറമ്പിൽ അടക്കമുള്ളവരും യോഗത്തിൽ പങ്കാളിയായി. കേന്ദ്ര വിജ്ഞാപനം സംബന്ധിച്ച പരാതി അറിയിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിൻ്റെ കാലാവധി നീട്ടാനും വനേതര മേഖലയെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുമായി കോടതിയെ സമീപിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com