
പാർട്ടിയെക്കുറിച്ച് തെറ്റായ ധാരണകൾ ഉള്ളവർ പാർട്ടിയില്‍ തന്നെയുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവന്‍. ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിലായിരുന്നു വിജയരാഘവന്‍റെ പരാമർശം.
പാർട്ടിയിൽ പ്രവർത്തിച്ചിട്ടും എനിക്കൊന്നും കിട്ടിയില്ലെന്ന് കരുതുന്നവർ പാർട്ടിയിലുണ്ട്. എനിക്കെന്ത് ലഭിച്ചു എന്നാണ് ഇപ്പോഴും ഇവരുടെ ചിന്തയെന്ന് വിജയരാഘവന്‍ പറഞ്ഞു. എഡിജിപി - ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയിലും വിജയരാഘവന്‍ പ്രതികരിച്ചു. കൂടിക്കാഴ്ച 16 മാസം മുന്‍പാണ് നടന്നത്. വാർത്തകൾ വരുന്നത് ഇപ്പോൾ മാത്രമാണ്. ഇത്രയും കാലം മാധ്യമങ്ങൾക്ക് എന്തായിരുന്നു പണിയെന്ന് വിജയരാഘവന്‍ ചോദിച്ചു. മാധ്യമങ്ങൾ വിചാരിച്ചാൽ സിപിഎമ്മിൽ ഭിന്നത ഉണ്ടാക്കാൻ സാധിക്കില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേർത്തു.
കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നില്ല. വിഷയം സർക്കാർ പരിശോധിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. മാധ്യമങ്ങൾ വൈകി അറിഞ്ഞതിന്‍റെ കുറ്റം സർക്കാരിന്‍റെ തലയിൽ വെയ്ക്കരുത്. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച് നടത്താൻ ഞങ്ങൾ ആരെയും നിയോഗിച്ചിട്ടില്ല. കൂടിക്കാഴ്ച സർക്കാർ പരിശോധിക്കുമെന്നതിന് അർഥം സർക്കാരിലെ പാർട്ടി സഖാക്കൾ കൂടി പരിശോധിക്കുമെന്നാണെന്നും കേന്ദ്ര കമ്മിറ്റിയംഗം കൂട്ടിച്ചേർത്തു.
ഇ.പി. ജയരാജൻ ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് പങ്കെടുക്കാതിരുന്നതെന്നും പാർട്ടിയെ വിവരം അറിയിച്ചിരുന്നെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. കണ്ണൂർ പയ്യാമ്പലത്തെ പരിപാടിയിൽ ഇപി പങ്കെടുക്കുമെന്നായിരുന്നു ജില്ലാ സെക്രട്ടറി മുന്‍പ് അറിയിച്ചിരുന്നത്. ഇ.പിക്ക് പകരമാണ് എ. വിജയരാഘവന്‍ അനുസ്മരണ പരിപാടിക്കെത്തിയത്.
ഇ.പി. ജയരാജന് പകരം ടി.പി. രാമകൃഷ്ണനെയാണ് എല്‍ഡിഎഫ് കണ്‍വീനറായി നിയമിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവം വീണ്ടും വിവാദമായതിന് പിന്നാലെയാണ് ഇ.പിക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നടപടി.