പെരിയ ഇരട്ടക്കൊലപാതകം: 'കൊല്ലപ്പെടേണ്ടവരാണെന്ന് വരുത്തി തീർക്കാന്‍ സിപിഎം ശ്രമം'; സൈബർ ആക്രമണത്തില്‍ പരാതി നൽകുമെന്ന് ശരത് ലാലിൻ്റെ പിതാവ്

6 വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്നാണ് ശിക്ഷാ വിധി വരുന്നത്
പെരിയ ഇരട്ടക്കൊലപാതകം: 'കൊല്ലപ്പെടേണ്ടവരാണെന്ന് വരുത്തി തീർക്കാന്‍ സിപിഎം ശ്രമം'; സൈബർ ആക്രമണത്തില്‍ പരാതി നൽകുമെന്ന് ശരത് ലാലിൻ്റെ പിതാവ്
Published on

പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കുടുംബങ്ങള്‍ക്കെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകുമെന്ന് ശരത് ലാലിൻ്റെ പിതാവ് സത്യനാരായണൻ. സഖാക്കളെ പാർട്ടിയിൽ പിടിച്ചു നിർത്താനാണ് ഇത്തരം നെറികെട്ട രാഷ്ട്രീയം കളിക്കുന്നത്. രണ്ട് പേരും കൊല്ലപ്പെടേണ്ടവരാണെന്ന് വരുത്തി തീർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സത്യനാരായണൻ ആരോപിച്ചു. കുടുംബത്തിനെതിരെ മുതിർന്ന നേതാക്കൾ പോലും അസഭ്യ പരാമർശവുമായി എത്തുന്നുവെന്നും. എസ്പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സത്യനാരായണൻ പറഞ്ഞു.

6 വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്നാണ് ശിക്ഷാ വിധി വരുന്നത്. 2024 ഡി​സം​ബ​ർ 28ന് കേ​സി​ൽ 14 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാണെന്ന് കോ​ട​തി വി​ധി പുറപ്പെടുവിച്ചു. പ്രതികളിൽ 10 പേ​രെ വെ​റുതെ​വി​ട്ടു. കൊ​ച്ചി സിബിഐ കോ​ട​തി​യുടേതായിരുന്നു നടപടി.

2019 ഫെബ്രുവരി 17ന് വൈകുന്നേരും ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെടുന്നത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്. കൃത്യത്തില്‍ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരന്‍ അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് പിടികൂടിയപ്പോള്‍ കൊലപാതകത്തിനു പിന്നിലെ ​ഗൂഢാലോചന കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി. കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‍ന്റ് കെ. മണികണ്ഠൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ. ബാലകൃഷ്ണൻ, ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com