നാലര പവന് വേണ്ടിയുള്ള കൊലപാതകം; വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി

പ്രതിക്ക് വധശിക്ഷ നൽകണമെന്ന് വിനീതയുടെ മാതാവ് രാഗിണിയും പിതാവ് വിജയനും ആവശ്യപ്പെട്ടു
നാലര പവന് വേണ്ടിയുള്ള കൊലപാതകം; വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി
Published on

പേരൂർക്കട വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീ.സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. നാലര പവൻ തൂക്കമുള്ള സ്വർണമാല കവരാനാണ് പ്രതി വിനീതയെ കുത്തിക്കൊന്നത്. 2022ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 118 ൽ സാക്ഷികളിൽ 98 പേരെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. സിസിടിവി ദൃശ്യങ്ങളടങ്ങിയ 12പെൻഡ്രൈവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. 7ഡിവിഡികളടക്കം 222 രേഖകളാണ് കോടതിയിൽ ഹാജരാക്കിയിരുന്നത്. ശിക്ഷാ വിധി ഏപ്രിൽ 21 ന് പ്രഖ്യാപിക്കും.

വിനീത പേരൂർക്കടയിലെ ഒരു അലങ്കാര ചെടി വിൽപ്പനക്കടയിലാണ് ജോലി ചെയ്തിരുന്നത്. 2022 ഫെബ്രുവരി ആറിന് പട്ടാപ്പകലാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തിയ തമിഴ്‌നാട് സ്വദേശി രാജേന്ദ്രൻ കൊലപാതകം നടത്തിയത്. സമാനരീതിയില്‍ തമിഴ്‌നാട് വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ 13 കാരിയായ വളര്‍ത്തുമകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിൽ പ്രതിയായിരുന്നു.


ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയിലെത്തിയ രാജേന്ദ്രൻ വിനീതയെ കൊലപ്പെടുത്തിയത്. ഹൃദ്രോഗത്തെ തുടർന്ന് ഭര്‍ത്താവ് മരിച്ചതിനാൽ ജീവിക്കാന്‍ മറ്റ് മാര്‍ഗം ഇല്ലാതെ വന്നപ്പോഴാണ് വിനീത പേരൂര്‍ക്കടയിലെ ചെടി വില്‍പന ശാലയില്‍ ജോലിക്ക് കയറിയത്. 

പ്രതിക്ക് വധശിക്ഷ നൽകണമെന്ന് വിനീതയുടെ മാതാവ് രാഗിണിയും പിതാവ് വിജയനും ആവശ്യപ്പെട്ടു. പ്രതി കുറ്റക്കാരൻ ആണെന്ന് കോടതിയെ ബോധ്യപ്പെടുത്താനായെന്നും, പ്രതിക്ക് തൂക്കുകയർ നൽകണമെന്നും അവർ പറഞ്ഞു. ആ വിധി കേൾക്കാൻ നാട് ഒന്നാകെ കാത്തിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അപൂർവങ്ങളിൽ അപൂർവ്വമായ കേസാണിത് എന്നും, പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും, വധശിക്ഷയിൽ കുറഞ്ഞൊന്നും പ്രതി അർഹിക്കുന്നില്ലെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com