
കൊല്ലം അഷ്ടമുടിക്കായലിലെ പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ പുറത്ത്. കായലിലെ ജൈവ സമ്പത്തിന് വെല്ലുവിളിയായി വലിയ രീതിയിലുള്ള മൈക്രോ പ്ലാസ്റ്റിക്ക് മലിനീകരണം നടക്കുന്നതായാണ് റിപ്പോർട്ട്. കേരള സർവകലാശാലയിലെ അക്വാറ്റിക്ക് ബയോളജി ആൻ്റ് ഫിഷറീസ് വിഭാഗം നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
കായലിലെ മത്സ്യം, കക്ക, ചെളി, വെള്ളം എന്നിവയിൽ മൈക്രോപ്ലാസ്റ്റിക് വ്യാപകമായി അടങ്ങിയിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. സൂക്ഷ്‌മ ജീവജാലങ്ങൾക്കുൾപ്പെടെ വലിയ ഭീഷണി ഉയർത്തുന്ന പദാർഥമാണ് മൈക്രോപ്ലാസ്റ്റിക്ക്. പഠനത്തിലെ കണക്കനുസരിച്ച് അഷ്ടമുടിയിലെ മത്സ്യങ്ങളിൽ 19.6 ശതമാനവും കക്ക വർഗങ്ങളിൽ 40.9 ശതമാനവും മൈക്രോ പ്ലാസ്റ്റിക്ക് അടങ്ങിയിട്ടുണ്ട്.
മത്സ്യങ്ങളുടെയും കക്കവർഗങ്ങളുടെയും കുടലിൽ കണ്ടത്തിയ മൈക്രോപ്ലാസ്റ്റിക്കിൻ്റെ പോളിമർ ഘടനയിൽ നൈലോൺ, പോളിയുറീത്തിൻ, പോളിപ്രൊപ്പലിൻ, പോളിയെത്തിലീൻ, പോളിസിലോക്സെയ്ൻ എന്നിവ ഉൾപ്പെടുന്നു. ചുറ്റുപാടിൽ നിന്ന് ആഗിരണം ചെയ്യാൻ സാധ്യതയുള്ള മോളിബ്ഡിനം, ഇരുമ്പ്, ബേരിയം തുടങ്ങിയ അപകടകരമായ ഘനലോഹങ്ങളുടെ അംശവും മൈക്രോപ്ലാസ്റ്റിക്കിൽ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
സംസ്‌കരിക്കാത്ത ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കായലിലേക്ക് ഇറങ്ങുന്നത് ഗുരുതര ഭീഷണിയാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. തടാകജലത്തിലെ മൈക്രോപ്ലാസ്റ്റിക് നിരീക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും പഠനം വ്യക്തമാക്കുന്നു. കേരള സർവകലാശാലയിലെ അക്വാട്ടിക്‌സ് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ട് എൽസെവിയേഴ്‌സ് ജേർണൽ ഓഫ് കണ്ടാമിനൻ്റ് ഹൈഡ്രോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.