fbwpx
പിണറായി സർക്കാർ പത്താം വർഷത്തിലേക്ക്; ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽഡിഎഫ്
logo

ന്യൂസ് ഡെസ്ക്

Last Updated : 20 May, 2025 02:03 PM

ഭരണത്തുടർച്ച വീണ്ടും ലക്ഷ്യമിടുന്ന എൽഡിഎഫ് സർക്കാർ അവസാനത്തെ ഒരു വർഷം അതിനായുള്ള പ്രവർത്തനങ്ങളാകും നടത്തുക

KERALA


രണ്ടാം പിണറായി സർക്കാരിന് ഇന്ന് നാലാം പിറന്നാൾ. ഭരണത്തുടർച്ച നേടിയ പിണറായി സർക്കാർ പത്താം വർഷത്തിലേക്കാണ് കടക്കുന്നത്. വികസന നേട്ടങ്ങളും വിവാദങ്ങളും ഇടതുസർക്കാരിന് ഒപ്പമുണ്ട്. ഭരണത്തുടർച്ച വീണ്ടും ലക്ഷ്യമിടുന്ന എൽഡിഎഫ് സർക്കാർ അവസാനത്തെ ഒരു വർഷം അതിനായുള്ള പ്രവർത്തനങ്ങളാകും നടത്തുക.



ആദ്യ സർക്കാരിലെ കരുത്തുറ്റ ടീമിനെ ഒഴിവാക്കി ഇടതുപക്ഷക്കാരെ പോലും ഞെട്ടിച്ചാണ് പുത്തൻ നിരയുമായി പിണറായി രണ്ടാംവട്ടം ഭരണം ആരംഭിച്ചത്. തുറമുഖ ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തി വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കി. ഭൂമിയേറ്റെടുത്ത് ദേശീയപാതാ വികസനം നടപ്പാക്കി. മലയോര, തീരദേശപാതാ വികസനം,സർക്കാർ സേവനങ്ങൾ ഓൺലൈൻ ആക്കൽ, അതിദാരിദ്ര്യ നിർമാർജനം,വ്യാവസായിക മേഖലയിലെ വളർച്ച എന്നിങ്ങനെ നാല് വർഷം പൂർത്തിയാക്കുമ്പോൾ എണ്ണിപ്പറയാൻ ഇടതുപക്ഷ സർക്കാരിന് വികസന നേട്ടങ്ങളേറെയാണ്.


ALSO READരണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രി; കോടികളുടെ ധൂർത്തെന്ന് വി.ഡി. സതീശൻ


പ്രതിപക്ഷത്തിനൊപ്പം മുന്നണിക്കുള്ളിലുള്ളവരും നയവ്യതിയാനമെന്ന് വിമർശിക്കുന്ന സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകലും വിദേശ നിക്ഷേപത്തെ അകമഴിഞ്ഞ് സ്വീകരിക്കലും കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങളാണെന്ന് പാർട്ടിയും മുഖ്യമന്ത്രിയും വിശദീകരിക്കുന്നു.



വികസന നേട്ടങ്ങൾ എടുത്ത് പറയുമ്പോൾ അതിനൊട്ടും കുറവില്ലാതെ വിവാദങ്ങളും സർക്കാരിനെ പിന്തുടരുന്നു. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസും ആരോപണങ്ങളുമാണ് അതിൽ ആദ്യത്തേത്. ആശാ വർക്കർമാരുടെ സമരവും പൊലീസിൻ്റെ ആവർത്തിക്കുന്ന അമിതാധികാരപ്രയോഗവും സർക്കാരിൻ്റെ പ്രതിച്ഛായ്ക്ക് കോട്ടം തട്ടി. അഴിമതി ആരോപണങ്ങളടക്കം നേരിട്ടപ്പോൾ മടിയിൽ കനം ഉള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂവെന്നായിരുന്നു പിണറായിയുടെ മറുപടി. കടന്നാക്രമിക്കാൻ വിഷയങ്ങളുണ്ടായിട്ടും പ്രതിപക്ഷത്തിൻ്റെ ശക്തിയില്ലായ്മയാണ് സർക്കാരിന്റെ ധൈര്യം.



ALSO READമൂന്നാം എൽഡിഎഫ് സർക്കാരിനെ പിണറായി തന്നെ നയിക്കും: എം.വി. ഗോവിന്ദൻ


അവസാന വർഷത്തിലേക്ക് കടക്കുമ്പോൾ ക്ഷേമ പെൻഷനടക്കം കൂട്ടി കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങളിലായിരിക്കും പിണറായി സർക്കാരിൻ്റെ ശ്രദ്ധ. മൂന്നാം തവണയും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിപിഐഎം പ്രതിഷ്ഠിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മൂന്നാം ഇടതുപക്ഷ സർക്കാരിനെയും പിണറായി വിജയൻ തന്നെ നയിക്കുമെന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രതികരണം.


Also Read
user
Share This

Popular

KERALA
NATIONAL
കല്യാണിക്ക് കണ്ണീരോടെ വിട; അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാല് വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു